
കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ, ഭരണതല ഇടപെടലുകളില്‍നിന്ന് മുക്തമാക്കി അക്കാദമിക് വിദഗ്ധര്‍ക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മാനവവിഭവശേഷിമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസരംഗത്ത് കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും കവരുന്നതാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. വിദേശസര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരംനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസവിചക്ഷണര്‍, സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്തശേഷംമാത്രമേ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂ. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വൈസ് ചാന്‍സ്‌ലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഇതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ വസ്തുത പഠിക്കാതെയാണ് -മന്ത്രി പറഞ്ഞു.
രാജ്യത്തെ കേന്ദ്രീയവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് എം.പി.മാര്‍ക്കും മാനവശേഷി വികസനമന്ത്രാലയത്തിനും അനുവദിച്ചിട്ടുള്ള പ്രത്യേക ക്വാട്ടകള്‍ എടുത്തുകളയും. ഇത്തരം ക്വാട്ടകള്‍ അനാവശ്യമാണെന്നാണ് തന്റെ നിലപാട്- മന്ത്രി വ്യക്തമാക്കി.