അതിരപ്പിള്ളിക്ക് അനുമതി നല്‍കുന്ന പ്രശ്‌നമില്ല -മന്ത്രി ജയറാം

Posted on: 21 Mar 2010



സ്വേച്ഛാധിപത്യപരമെന്ന് മന്ത്രി ബാലന്‍


ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പാരിസ്ഥിതിക അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പറഞ്ഞു. കേരളത്തിന്റെ വനംവകുപ്പുപോലും പദ്ധതിയെ എതിര്‍ത്തുവെന്നും അദ്ദേഹം സൂചന നല്‍കി.

കേരള വൈദ്യുതിബോര്‍ഡിന്റെ മുന്‍ അധ്യക്ഷനും ഇപ്പോള്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററുമായ ടി.എം.മനോഹരന്‍ പദ്ധതിയോടുള്ള എതിര്‍പ്പറിയിച്ചുവെന്നാണ് ജയറാം രമേഷ് പറഞ്ഞത്. പദ്ധതിയുടെ കാര്യം വിദഗ്ധസമിതി വിലയിരുത്തുംമുമ്പ് മന്ത്രി ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിനെ സംസ്ഥാന വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അഞ്ചാം സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചു പറയാന്‍ മന്ത്രി ജയറാം രമേഷ് വിളിച്ച പത്രസമ്മേളനത്തിലാണ് അതിരപ്പിള്ളിയെക്കുറിച്ചു ചോദ്യമുണ്ടായത്. വിലയിരുത്തല്‍ സമിതി എന്ത് നിഗമനത്തിലെത്തിച്ചേര്‍ന്നാലും പദ്ധതിക്ക് അംഗീകാരം നല്‍കാതിരിക്കാന്‍ കാരണങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒട്ടേറെ സന്ദേശങ്ങള്‍ തനിക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ തീരുമാനത്തെ ദൗര്‍ഭാഗ്യകരമെന്നാണ് മന്ത്രി ബാലന്‍ വിശേഷിപ്പിച്ചത്. എന്തുകൊണ്ട് അംഗീകാരം പിന്‍വലിക്കാതിരിക്കണം എന്നു കാണിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് ജനവരി നാലിനാണ് കെ.എസ്.ഇ.ബി.ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പില്‍നിന്നു കിട്ടിയത്. അതിനു മറുപടി നല്‍കിയിട്ടുണ്ട്. ഇതിനുശേഷം ഫിബ്രവരി 10നാണ് വിദഗ്ധ വിലയിരുത്തല്‍ സമിതിയെ വെച്ചത്. സമിതിയുടെ തീര്‍പ്പ് വരുംമുമ്പ് മന്ത്രി തീരുമാനമെടുക്കുന്നത് സ്വേച്ഛാധിപത്യപരമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെങ്കില്‍ ഇത്രയും കാലത്തെ മറ്റു നടപടികള്‍ക്ക് പണവും സമയവും ചെലവാക്കേണ്ടതുണ്ടായിരുന്നോ? -മന്ത്രി ബാലന്‍ ചോദിച്ചു.

അതിരപ്പിള്ളി പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതമൊന്നുമുണ്ടാക്കില്ലെന്ന് മന്ത്രി ബാലന്‍ അവകാശപ്പെട്ടു. മന്ത്രി ജയറാം രമേഷിന് മഗ്‌സാസെ അവാര്‍ഡ് ജേതാവായ രാജേന്ദ്രസിങ് അയച്ച കത്ത് വിവരാവകാശ നിയമപ്രകാരം താന്‍ സമ്പാദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അതിന്റെ ചുവട്ടില്‍, പരിസ്ഥിതിവകുപ്പ് പദ്ധതിക്കു നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ജയറാം രമേഷ് എഴുതിയിട്ടുണ്ട്. പലരുടെയും എതിര്‍പ്പുണ്ടെന്നു പറയുന്നതിനോടൊപ്പം പ്രധാനമന്ത്രിയുട ഓഫീസിലെ ടി.കെ.എ. നായരുടെ പേരും പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ മുമ്പ് എതിര്‍പ്പുകള്‍ പരിശോധിച്ചശേഷം അനുമതി നല്‍കിയതിനാല്‍ പിന്‍വലിക്കാനാവില്ലെന്നും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാമെന്നും പരിസ്ഥിതി ബോര്‍ഡിന്റെ അഡീഷണല്‍ ഡയറക്ടര്‍ അദ്ദേഹത്തിനു മറുപടി നല്‍കുകയാണ് ചെയ്തത് -ബാലന്‍ പറഞ്ഞു.

ടി.എം. മനോഹരന്‍ മുമ്പ് തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണെന്നും അദ്ദേഹത്തെ താന്‍ വിളിച്ചപ്പോള്‍ മന്ത്രി ജയറാം രമേഷിനോട് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കിയതെന്നും ബാലന്‍ പറഞ്ഞു.

അടുത്തവര്‍ഷം വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് മന്ത്രി


ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്തവര്‍ഷം വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കൂടംകുളം ആണവോര്‍ജ നിലയത്തില്‍നിന്നും കുറ്റിയാടിയില്‍നിന്നും ലഭിക്കുന്ന വൈദ്യുതി ഇതിന് സഹായിക്കും. ഒപ്പം സി.എഫ്.എല്‍. പ്രചാരണത്തിലൂടെ ലാഭിക്കുന്ന ഊര്‍ജവും കണക്കിലെടുക്കണം -മന്ത്രി പറഞ്ഞു.

കൂടംകുളത്തുനിന്ന് 266 മെഗാവാട്ടും കുറ്റിയാടിയില്‍നിന്ന് 100 മെഗാവാട്ടും വൈദ്യുതി ലഭിക്കും. 75 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ നിരക്കില്‍ സി.എഫ്.എല്‍. നല്‍കാന്‍ പോകുന്നത്. അറുപത് വാട്‌സിന്റെ രണ്ടു ബള്‍ബുകള്‍ക്കു പകരം 14 വാട്‌സിന്റെ രണ്ടുസി.എഫ്.എല്‍. 75 ലക്ഷം കുടുംബങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 250 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാവും എന്നാണ് കണക്ക്. സി.എഫ്.എല്‍. വിതരണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 28നു തിരുവനന്തപുരത്ത് കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രി ഫാറൂഖ് അബ്ദുള്ള നിര്‍വഹിക്കും -മന്ത്രി പറഞ്ഞു.




Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/