ഹര്‍ജികളുടെ പ്രവാഹത്തിന് കടിഞ്ഞാണിടണം-സുപ്രീംകോടതി

Posted on: 21 Mar 2010



അമിതഭാരംമൂലം കോടതി 'തകരു'മെന്ന് ഡിവിഷന്‍ ബെഞ്ച്


ന്യൂഡല്‍ഹി: നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പ്രത്യേകാനുമതി ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന രീതി അപലപനീയമാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഈ ദുഷ്പ്രവണതയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ ഹര്‍ജികളുടെ അമിതഭാരംമൂലം സുപ്രീംകോടതി തകരുമെന്നും ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ആര്‍.എം. ലോധയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇത്തരം ഹര്‍ജികള്‍ സ്വീകരിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുന്ന കാര്യം ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുമുണ്ട്. ഭരണഘടനയുടെ 136-ാം വകുപ്പുപ്രകാരമുള്ള വിവേചനാധികാരത്തിലൂടെ ഏതൊക്കെ കേസുകള്‍ പരിഗണിക്കാമെന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

കോടതികളുടെയും ട്രൈബ്യൂണലുകളുടെയും എണ്ണമറ്റ ഉത്തരവുകള്‍ക്കെതിരെ പ്രത്യേകാനുമതി ഹര്‍ജികള്‍ വരുന്നുണ്ട്. ഇത് സുപ്രീംകോടതിയുടെമേല്‍ അമിതഭാരമാണ് ചുമത്തുന്നത്. ഹര്‍ജി പരിശോധിക്കാന്‍ ജഡ്ജിമാര്‍ക്ക് ആവശ്യത്തിന് സമയം കിട്ടുന്നില്ല. ഇത് വിധിയുടെ നിലവാരത്തെയും ബാധിക്കുന്നു-ബെഞ്ച് ചൂണ്ടിക്കാട്ടി.

വിചാരണക്കോടതിയുടെയും കേരള ഹൈക്കോടതിയുടെയും ഉത്തരവിനെതിരെ മത്തായി എന്നയാള്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ പ്രതികരിച്ചത്. ഒസ്യത്തുരേഖ രണ്ടാമതും ഫോറന്‍സിക് പരിശോധന നടത്തണമെന്ന തന്റെ അപേക്ഷ തള്ളിയതിനെതിരെയാണ് മത്തായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 1997-ല്‍ പരിഗണന കാത്തുകിടന്ന കേസുകളുടെ എണ്ണം 19,000 ആയിരുന്നത് ഇപ്പോള്‍ 55000 ആയി ഉയര്‍ന്നിരിക്കുന്നു. ഏതാനും വര്‍ഷത്തിനകം ഇത് ഒരു ലക്ഷം കവിയാന്‍ സാധ്യതയുണ്ട്. 2009ല്‍ മാത്രം എഴുപതിനായിരത്തോളം കേസുകളാണ് സുപ്രീംകോടതിയിലെത്തിയത്. അതില്‍ പ്രത്യേകാനുമതി ഹര്‍ജികളുടെ എണ്ണം കുത്തനെ കൂടി. യു.എസ്. സുപ്രീംകോടതി പ്രതിവര്‍ഷം 100-120 കേസുകളാണ് പരിഗണിക്കുന്നത്. കാനഡയിലേത് അറുപതിലൊതുങ്ങും-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാദത്തോട് യോജിച്ചാണ് ഡിവിഷന്‍ ബെഞ്ച് പ്രശ്‌നം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത്. കോടതിയെ സഹായിക്കാന്‍ പ്രത്യേക അഭിഭാഷകനെ (അമിക്കസ് ക്യൂറി) നിയോഗിക്കാമെന്നും ബെഞ്ച് നിര്‍ദേശിച്ചു. അഭിപ്രായങ്ങളറിയിക്കാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയവയ്ക്ക് നോട്ടീസയച്ചിട്ടുമുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/