തൊഗാഡിയയെ വിട്ടയച്ചു

Posted on: 21 Mar 2010



ഭുവനേശ്വര്‍: ഒറീസ്സയിലെ കന്ധമാല്‍ ജില്ലയില്‍ വിലക്ക് ലംഘിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയെ ശനിയാഴ്ച വിട്ടയച്ചു. തൊഗാഡിയയ്‌ക്കൊപ്പം അറസ്റ്റിലായ ബജ്‌രംഗ്ദള്‍ ദേശീയ സെക്രട്ടറി സുഭാഷ്ചൗഹാന്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് അശോക് സാഹു എന്നിവര്‍ക്കും 70 വി.എച്ച്.പി. പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. 2008ല്‍ കൊല്ലപ്പെട്ട വി.എച്ച്.പി. നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ സ്മാരകം സന്ദര്‍ശിക്കാനെത്തിയതായിരുന്നു തൊഗാഡിയ.

2008ല്‍ കലാപത്തിന് സാക്ഷ്യംവഹിച്ച കന്ധമാലില്‍ തൊഗാഡിയയുടെ സന്ദര്‍ശനം സമാധാനത്തിന് ഭംഗം വരുത്തുമെന്ന് പറഞ്ഞാണ് ജില്ലാ ഭരണകൂടം പ്രവേശനാനുമതി നിഷേധിച്ചത്.

തൊഗാഡിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കന്ധമാലിലേക്കുള്ള റോഡ് വെള്ളിയാഴ്ച രാത്രി വി.എച്ച്.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ശനിയാഴ്ച 12 മണിക്കൂര്‍ ബന്ദും ആചരിച്ചു.

തൊഗാഡിയയെ വിട്ടയച്ചുവെങ്കിലും കന്ധമാലിലേക്കുള്ള റോഡ് പോലീസ് അടച്ചിട്ടിരിക്കുകയാണ്. മൂന്നുദിവസം നീണ്ട ഒറീസ്സ സന്ദര്‍ശനത്തിനെത്തിയ തൊഗാഡിയ നയാഗഢ് വഴി യാത്രചെയ്താണ് ശനിയാഴ്ചത്തെ സ്വീകരണകേന്ദ്രങ്ങളിലെത്തിയത്.

ജനാധിപത്യത്തിന്റെ കശാപ്പാണിതെന്ന് തൊഗാഡിയ ആരോപിച്ചു. രാജ്യത്തെ പൗരനെന്ന നിലയില്‍ ഏതുസ്ഥലവും സന്ദര്‍ശിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/