കക്കയത്ത് വീട്ടില്‍നിന്ന് കാട്ടുമൃഗത്തിന്റെ 22 കിലോയോളം മാംസം പിടിച്ചെടുത്തു

Posted on: 20 Mar 2010



കോഴിക്കോട്: കക്കയത്ത് വീട്ടില്‍ സൂക്ഷിച്ച 22 കിലോയോളം വരുന്ന കാട്ടുമൃഗത്തിന്റെ മാംസം പിടിച്ചു. കക്കയം മരുതൊടി ജോണ്‍ എന്ന ജോര്‍ജിന്റെ വീട്ടില്‍നിന്നാണ് വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ മാംസം പിടിച്ചെടുത്തത്.

വീടിന്റെ അടുക്കളഭാഗത്ത് ഉണക്കിസൂക്ഷിച്ച നിലയിലും റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച നിലയിലുമാണ് മാംസം കണ്ടെടുത്തത്. സാംബര്‍ മാനിന്‍േറതാണ് മാംസം എന്ന് സംശയമുണ്ട്. ഇതു സ്ഥിരീകരിക്കാനായി ശനിയാഴ്ച സാമ്പിള്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്ക് അയയ്ക്കും. വീട്ടില്‍ നിന്ന് മൃഗവേട്ടയ്ക്കുപയോഗിക്കുന്നത് എന്നു കരുതുന്ന രണ്ട് എയര്‍ ഗണ്ണുകളും മാന്‍കൊമ്പും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ വീട് തുറന്നു പരിശോധിച്ചു. മാംസം സൂക്ഷിച്ച ഫ്രിഡ്ജും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്രിഡ്ജില്‍ 19.900 കിലോഗ്രാമോളം മാംസമുണ്ടായിരുന്നു.

ജോര്‍ജ് വനംവകുപ്പിന്റെ താത്കാലിക വാച്ചറായിരുന്നു. ഇയാളുടെ വീട്ടില്‍ കാട്ടുമാനിന്റെ ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. രാജനു വിവരം ലഭിച്ചത്. ജോര്‍ജ് മൃഗവേട്ടയ്ക്കു പോകാറുണ്ടെന്നാണ് നാട്ടുകാരില്‍നിന്നു ലഭിച്ച വിവരം. പരിശോധന മുന്‍കൂട്ടിയറിഞ്ഞ ഇയാള്‍ നേരത്തേ സ്ഥലം വിടുകയായിരുന്നെന്നാണ് അറിയുന്നത്.

പരിശോധനയ്ക്ക് ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ കെ.ജി. രാജന്‍, അബ്ദുള്‍ഹമീദ്, കെ.എം. രാജീവന്‍, ഹാസിഫ്, ഗിരീഷ്, പ്രസാദ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/