കണ്ണൂര്‍-കുറ്റിപ്പുറം റോഡ് 2251 കോടിക്ക് കരാറായി
Posted on: 20 Mar 2010
എം.പി. സൂര്യദാസ്
' ദേശീയ പാത നാലുവരിയാക്കല്‍ '
കോഴിക്കോട്:ദേശീയ പാത -17 നാലുവരിയാക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തി നടക്കുന്ന കണ്ണൂര്‍- കുറ്റിപ്പുറം റോഡ് 2,251 കോടി രൂപയ്ക്ക് കരാറായി. പ്രവൃത്തി ഏറ്റെടുത്ത ഹൈദരാബാദിലെ കെ.എം.സി. കണ്‍സ്ട്രക്ഷന്‍സും നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
തലപ്പാടി മുതല്‍ ഇടപ്പള്ളി വരെയുള്ള എന്‍.എച്ച്-17 നാലുവരിപ്പാതയാക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തിയാണ് കണ്ണൂര്‍ - കുറ്റിപ്പുറം പാത. കണ്ണൂര്‍ മുതല്‍ വെങ്ങളം, വെങ്ങളം മുതല്‍ കുറ്റിപ്പുറം എന്നിങ്ങനെ രണ്ടു റീച്ചായാണ് പ്രവൃത്തി നടക്കുക. കണ്ണൂര്‍ മുതല്‍ വെങ്ങളം വരെയുള്ള 82 കിലോമീറ്റര്‍ നിര്‍മാണത്തിന് 1143 കോടി രൂപയും വെങ്ങളം മുതല്‍ കുറ്റിപ്പുറം വരെയുള്ള 88 കിലോമീറ്ററിന് 1108 കോടി രൂപയുമാണ് കരാറില്‍ നിശ്ചയിച്ചത്.
കണ്ണൂര്‍ മുതല്‍ വെങ്ങളം വരെ 290 ഹെക്ടര്‍ ഭൂമിയും വെങ്ങളം മുതല്‍ കുറ്റിപ്പുറം വരെ 139 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച '3-എ' വിജ്ഞാപനം ആയി. ഏറ്റെടുക്കേണ്ട ഭൂമിയിലെ ഓരോ ഉടമയുടെയും കൈവശമുള്ള ഭൂമിയുടെ സര്‍വേ പ്രവൃത്തിയായ '3-ഡി' വിജ്ഞാപനം തയ്യാറായിവരികയാണ്. ചില ഭാഗങ്ങളില്‍ ഈ ജോലിയും കഴിഞ്ഞ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
ഭൂമി ഏറ്റെടുത്ത് കൈമാറിയാല്‍ 30 മാസത്തിനകം റോഡിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഭൂമി ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ട വില നിര്‍ണയം കണ്ണൂരില്‍ പൂര്‍ത്തിയായി. വയലിന് സെന്റിന് 54,000 രൂപയും കരയ്ക്ക് സെന്റിന് 1,40,000 രൂപയുമാണ് നിശ്ചയിച്ചത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഭൂമിയുടെ വില ഓരോ ജില്ലയിലും നിശ്ചയിക്കുക. പരമാവധി വില നല്‍കി ഭൂമി തര്‍ക്കങ്ങളില്ലാതെ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുതെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.