പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ചെയര്‍മാന് നോട്ടീസ്
Posted on: 20 Mar 2010
തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പാലാട്ട് മോഹന്‍ദാസിന് നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ് . വൈള്ളിയാഴ്ച ചേര്‍ന്ന പ്രിവിലേജ് കമ്മിറ്റി യോഗമാണ് നോട്ടീസയയ്ക്കാന്‍ തീരുമാനമെടുത്തത്. ഏപ്രില്‍ മൂന്നിന് ചേരുന്ന പ്രിവിലേജ് കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് എന്നാണു സൂചന. വിവരാവകാശ നിയമപ്രകാരം ടി.എം.ജേക്കബ്ബിന്റെ മുന്‍ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം. ടേപ്പ് നല്‍കാന്‍ വിസമ്മതിച്ച നിയമസഭയുടെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശമാണ് നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ നടപടിക്ക് അടിസ്ഥാനമെന്നാണ് സൂചന.
വി.ജെ.തങ്കപ്പനാണ് പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍, പി.സി.ജോര്‍ജ്, കെ.ബി.ഗണേഷ്‌കുമാര്‍, പി.കൃഷ്ണപ്രസാദ്, അടൂര്‍ പ്രകാശ്, ഐഷാപോറ്റി, എം.എം.മോനായി എന്നിവരാണ് അംഗങ്ങള്‍.