വിജ്ഞാന പോരാട്ടത്തില്‍ വിജയകിരീടം മലയാളി ബാലന്

Posted on: 20 Mar 2010



കൊച്ചി: മൂന്നു ലക്ഷത്തോളം പ്രതിഭകള്‍ മാറ്റുരച്ച വിജ്ഞാനപ്പോരാട്ടത്തില്‍ കടമ്പകളേറെ താണ്ടി വിജയകിരീടം ചൂടിയത് മലയാളി ബാലന്‍. രാജഗിരി പബ്ലിക് സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷാദ് മുഹമ്മദ് ആണ് നാഷണല്‍ ജിയോഗ്രഫിക്ക് ചാനല്‍ നടത്തിയ ദേശീയ തല മത്സരമായ 'നാറ്റ് ജിയോ ഹണ്ടില്‍' അഭിമാനതാരമായത്.

തുടക്കത്തില്‍ ചെന്നൈയില്‍ നടന്ന എഴുത്തുപരീക്ഷയില്‍ വിജയിച്ച അര്‍ഷാദ് 20 സൂപ്പര്‍ കിഡ്ഡുകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ നടന്ന മറ്റൊരു എഴുത്തുപരീക്ഷയും, സാഹസിക പ്രകടനങ്ങളും കഴിഞ്ഞാണ് ഫൈനലിലെത്തിയത്. റോക്ക് ക്ലൈംബിങ്, ട്രസ്റ്റ് ഹാള്‍ തുടങ്ങിയ സാഹസിക പ്രകടനങ്ങളായിരുന്നു ഉത്തരാഖണ്ഡില്‍ നടന്നത്.

മാര്‍ച്ച് 15, 16 തീയതികളില്‍ ഡല്‍ഹിയിലെ ബ്രിട്ടീഷ് കൗണ്‍സിലില്‍ അരങ്ങേറിയ ഫൈനല്‍ മത്സരത്തില്‍ മുംബൈ, പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേരാണ് അര്‍ഷാദിനൊപ്പമുണ്ടായിരുന്നത്. ഇവിടെ നടന്ന ഗ്രൂപ്പ് ചര്‍ച്ച, ഡിബേറ്റ് തുടങ്ങിയ മത്സരങ്ങളിലെല്ലാം അര്‍ഷാദ് എതിരാളികളെ നിഷ്പ്രഭരാക്കി.

മത്സരത്തില്‍ ഒന്നാമനായ അര്‍ഷാദിന് 2 ലക്ഷം രൂപയാണ് പുരസ്‌കാരം. കൂടാതെ നാഷണല്‍ ജിയോഗ്രഫിക് ചാനലില്‍ മൂന്നു മാസം തുടര്‍ച്ചയായി പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരവും ഉണ്ട്. ഡിബേറ്റ് പ്രസംഗം, പ്രശേ്‌നാത്തരി അവതരണം തുടങ്ങി വിവിധ തലങ്ങളില്‍ അര്‍ഷാദ് മുന്‍പും കഴിവുതെളിയിച്ചിട്ടുണ്ട്. 2007ല്‍ ഹോര്‍ലിക്‌സ് വിഡ് കിഡ്ഡില്‍ തിളക്കമാര്‍ന്ന പ്രകടനം ആണ് കാഴ്ചവെച്ചത്. 2009ല്‍ അമൃതാ ടി.വി. ജൂനിയര്‍ ജീനിയസ് കിരീടവും, സിബിഎസ്ഇ യുവജനോത്സവത്തില്‍ കലാപ്രതിഭാ പട്ടവും നേടിയിട്ടുണ്ട്.

ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ മറൈന്‍ സൂപ്രണ്ടായ മുഹമ്മദ് ഷാമിയുടെയും ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറായ റൂബിയുടെയും മകനാണ് അര്‍ഷാദ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/