സി.ഐ.ടി.യു. ഭാരവാഹികള്‍ തുടര്‍ന്നേക്കും; റാലി നാളെ
Posted on: 20 Mar 2010
സിറക്പുര്‍(പഞ്ചാബ്): നാലു ദിവസമായി പഞ്ചാബിലെ സിറക്പുരില്‍ തുടരുന്ന സി. ഐ.ടി.യു. ദേശീയസമ്മേളനം ഞായറാഴ്ച സമാപിക്കും. നിലവിലുള്ള ഭാരവാഹികള്‍ തുടരാനാണ് സാധ്യത. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച വെള്ളിയാഴ്ച പൂര്‍ത്തിയായി. ശനിയാഴ്ച ചര്‍ച്ചയ്ക്കുള്ള മറുപടിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. ഞായറാഴ്ച റാലിയോടെ സമ്മേളനം സമാപിക്കും.
നിലവിലുള്ള പ്രസിഡന്റ് എം.കെ. പാന്ഥെയും സെക്രട്ടറി മുഹമ്മദ് അമീനും തുടരുമെന്ന സൂചനയാണുള്ളത്. ഭാരവാഹികള്‍ മാറുമെന്ന് പാന്ഥെ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. കേരളത്തില്‍നിന്ന് തൊഴില്‍ മന്ത്രി പി. കെ. ഗുരുദാസന്‍, സംസ്ഥാന ഭാരവാഹികളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് തുടങ്ങിയവരും ദേശീയ ഭാരവാഹികളായി തുടരും.
മൂന്നു ദിവസത്തെ ചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് കെ. ചന്ദ്രന്‍പിള്ള, മന്ത്രി എളമരം കരീം, കെ.എന്‍. ഗോപിനാഥ്, പി. രാഘവന്‍, കാര്‍ത്യായനി എന്നിവര്‍ പങ്കെടുത്തു.
മൂന്നുവട്ടം പ്രസിഡണ്ടായിരുന്ന ഇ. ബാലാനന്ദന്റെ ചിത്രം സമ്മേളനവേദിയില്‍ വെക്കാത്തത് കേരളപ്രതിനിധികള്‍ ചോദ്യംചെയ്തു. സ്റ്റേജിന് മുന്നില്‍ പിന്നീട് ചിത്രം വെച്ച് പ്രശ്‌നം പരിഹരിച്ചു. ചര്‍ച്ചയ്ക്കിടയില്‍ കെ. ചന്ദ്രന്‍പിള്ള ഈ വിഷയമുന്നയിക്കുകയും ചെയ്തു.