ന്യൂഡല്‍ഹി: 2008ലെ ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിച്ചു. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രശസ്ത ഛായാഗ്രാഹകന്‍ വി.കെ. മൂര്‍ത്തി ഏറ്റുവാങ്ങി. ആദ്യമായാണ് ഛായാഗ്രാഹകന് ഫാല്‍ക്കെ ലഭിക്കുന്നത്. മികച്ച മലയാളചിത്രത്തിന് 'തിരക്കഥ'യുടെ സംവിധായകന്‍ രഞ്ജിത്തും പ്രത്യേക ജൂറി പുരസ്‌കാരത്തിന് 'ബയോസ്‌കോപ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ.എം. മധുസൂദനനും പുരസ്‌കാരം ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ ഫിലിമിലെ മികച്ച എഡിറ്റിങ്ങിന് കണ്ണൂര്‍ സ്വദേശി മനോജ് കണ്ണോത്തും പുരസ്‌കാരം നേടി.
സ്വര്‍ണകമലം സ്വന്തമാക്കിയ ബംഗാളി ചിത്രത്തിന്റെ സംവിധായകന്‍ അനിരുദ്ധ് റോയ് ചൗധരി, മികച്ച സംവിധായകന്‍ ബാല(നാന്‍ കടവുള്‍- തമിഴ്) എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി. മറാഠി ചിത്രമായ 'ജോഗ്‌വ'യിലൂടെ മികച്ച നടനായ ഉപേന്ദ്ര ലിമായെ, മികച്ച നടി പ്രിയങ്ക ചോപ്ര(ഫാഷന്‍), സഹനടന്‍ അര്‍ജുന്‍ രാംപാല്‍(റോക്ക് ഓണ്‍), സഹനടി കങ്കണ റനൗത്(ഫാഷന്‍) എന്നിവര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചു.
ഹരിഹരന്‍(ഗായകന്‍, ചിത്രം- ജോഗ്‌വ), ശ്രേയ ഘോഷാല്‍(ഗായിക-അന്തഹീന്‍, ജോഗ്‌വ), നീരജ് പാണ്ഡെ(കന്നി സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം- സിനിമ 'എ വെനസ്‌ഡെ'), ദിബാകര്‍ ബാനര്‍ജി (ജനപ്രീതി ചിത്രം- 'ഓയ് ലക്കി! ലക്കി ഓയ്!), ഷംസ് പട്ടേല്‍(ബാലനടന്‍ ('താങ്ക്‌സ് മാ'), സച്ചിന്‍ കുന്ദല്‍കര്‍(തിരക്കഥ- 'ഗന്ധ'- മറാഠി), മികച്ച തമിഴ് സിനിമയുടെ സംവിധായകന്‍ ഗൗതം മേനോന്‍(വാരണം ആയിരം), കുടുംബക്ഷേമചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച 'അപ്പുവന്‍ നായകന്‍-സ്‌പോട്ടി' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് എ.വി. അനൂപ്, ഇതേ ചിത്രത്തിന്റെ സംവിധായകന്‍ മാധവന്‍, മികച്ച കോക്ക് ബോറോക് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഫാ.ജോസഫ് പുളിന്താനത്ത്, മികച്ച മലയാളചിത്രത്തിന്റെ നിര്‍മാതാവ് വര്‍ണചിത്ര ബിഗ് സ്‌ക്രീന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹാ സുബൈര്‍ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി അംബികാ സോണി, ജൂറി അധ്യക്ഷന്‍ ഷാജി എന്‍. കരുണ്‍, ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.