
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ ഏഴാംപ്രതിയും തടിയന്റവിട നസീറിന്റെ അടുത്ത സുഹൃത്തുമായ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പുളിക്കലകത്ത് ഷമ്മി ഫിറോസിനെ(28) എന്‍.ഐ.എ. അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതനുസരിച്ച് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരാണ് ഷമ്മി ഫിറോസിനെ അബുദാബിയില്‍ പിടികൂടി ഇന്ത്യയിലേക്കയച്ചത്. ഇത്തിഹാദ് എയര്‍ലൈന്‍സില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിച്ച ഇയാളെ വെസ്റ്റ്ഹില്‍ റസ്റ്റ്ഹൗസിലെ എന്‍.ഐ.എ. ഓഫീസില്‍ സൂപ്രണ്ട് ടി.കെ. രാജ്‌മോഹന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
കോഴിക്കോട് നഗരത്തിലെ രണ്ട് ബസ്സ്റ്റാന്‍ഡുകളിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിലെ പ്രതിപ്പട്ടിക പ്രകാരം ഇനി രണ്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതി തലശ്ശേരി ചെറുപറമ്പ് ഉരകള്ളിയില്‍ മുഹമ്മദ് അസര്‍ (28), എട്ടാംപ്രതി കണ്ണൂര്‍ തളിപ്പറമ്പ് കൊല്ലം മഞ്ഞക്കാട് പുതിയപുരയില്‍ കെ.പി. യൂസഫ് (29) എന്നിവരാണവര്‍. ഇവര്‍ക്കുവേണ്ടിയും തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.