നെടുങ്കണ്ടം: ഹൈറേഞ്ചിനെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രീയ ദുര്‍ബല ഗവണ്‍മെന്റായി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. നെടുങ്കണ്ടത്ത് കര്‍ഷകരക്ഷായാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. നടത്തുന്ന കൈയേറ്റങ്ങളെ സാധൂകരിക്കാനാണ് പാരിസ്തിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം.
എ.കെ.ജി. പിടിച്ചെടുത്ത മിച്ചഭൂമി കൈവശംവെച്ചിരുന്നെങ്കില്‍ അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ ജന്മിയാകുമായിരുന്നു. എന്നാല്‍, പിടിച്ചെടുത്ത ഭൂമി പാവപ്പെട്ട ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. അതേസമയം, സി.പി.എം. ഇപ്പോള്‍ ഭൂമികൈയേറി കോടികളുടെ കച്ചവടം നടത്തുകയാണ്. അവര്‍ കൈയേറ്റത്തെ വന്‍ വാണിജ്യമാക്കി മാറ്റിയിരിക്കുന്നു. മൂന്നാറില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് സി.പി.എം. വയനാട്ടില്‍ കൈയേറ്റം നടത്തുന്നത്. ബിനാമികളായി 5,000 കോടി രൂപയുടെ ഭൂമി കൈയേറിയ ഭൂസ്വാമിമാരുടെ പാര്‍ട്ടിയാണ് ഇന്ന് സി.പി.എം. നേതാക്കള്‍ക്ക് കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണുള്ളത്. നന്ദിഗ്രാമിലും, സിംഗൂരിലും കര്‍ഷകരെ ഇറക്കിവിട്ട് ഭൂമിക്കുമേല്‍ അധീശത്വം സ്ഥാപിച്ചത് പാര്‍ട്ടിക്കാരാണ്. നിയമസഭയ്ക്കും സര്‍ക്കാരിനും കോടതിക്കുമൊന്നും പ്രസക്തിയില്ലാതാക്കുന്ന പാര്‍ട്ടി ഭരണമാണിത്. അതേരീതി കേരളത്തിലും നടപ്പാക്കാനാണ് ശ്രമം.
വയനാട് കൈയേറ്റം സംബന്ധിച്ച് പത്രസമ്മേളനം നടത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മൂന്നാറിനെക്കുറിച്ച് പത്രസമ്മേളനം നടത്താന്‍ ധൈര്യമുണ്ടോയെന്നും എം.പി.വീരേന്ദ്രകുമാര്‍ ചോദിച്ചു. മൂന്നാറില്‍ സി.പി.എമ്മിന് പ്രത്യേക താല്‍പര്യമുണ്ട്. കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി കൈയേറി വില്‍ക്കാനണവര്‍ ശ്രമിക്കുന്നത്. ഒരു കാലഘട്ടത്തില്‍ മണ്ണിനു വേണ്ടി പേരാടിയവരാണ് ഇന്ന് ഭൂമാഫിയയ്ക്കായി പ്രവര്‍ത്തിക്കുന്നത്. 'ചുവന്ന കൊടി മടക്കിത്തരൂ സഖാക്കളേ' എന്നാണ് വിപ്ലവത്തിനുവേണ്ടി ജീവനര്‍പ്പിച്ച ഒഞ്ചിയത്തെയും കരിവെള്ളൂരിലെയും രക്തസാക്ഷികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്- അദ്ദേഹം പറഞ്ഞു.