
*മൂന്ന് വിദ്യാഭ്യാസ പരിഷ്‌കരണബില്ലുകള്‍ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി
*തലവരിപ്പണവും പ്രവേശനക്കോഴയും വാങ്ങിയെന്നു തെളിഞ്ഞാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അരക്കോടി
പിഴയും നടത്തിപ്പുകാര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും
*തട്ടിപ്പുസ്ഥാപനങ്ങളെ നിരോധിക്കുകയോ അംഗീകാരം റദ്ദാക്കുകയോ ചെയ്യാം
ന്യൂഡല്‍ഹി: സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷനല്‍കാനും പഠനനിലവാരം ഉറപ്പാക്കാനുമുള്ള ബില്ലടക്കം മൂന്ന് വിദ്യാഭ്യാസബില്ലുകള്‍ക്ക് കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നല്‍കി.
സംസ്ഥാന, ദേശീയതലങ്ങളില്‍ വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുക, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത അക്രഡിറ്റേഷന്‍ ഉറപ്പക്കാനുള്ള അതോറിറ്റി രൂപവത്കരിക്കുക എന്നിവയാണ് മറ്റ് ബില്ലുകളുടെ ഉദ്ദേശ്യം.
തലവരിപ്പണവും പ്രവേശനക്കോഴയുമടക്കമുള്ള സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ തട്ടിപ്പുകള്‍ തടയുകയും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയുമാണ് ടെക്‌നിക്കല്‍, മെഡിക്കല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് ബില്ലിന്റെ ലക്ഷ്യം. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് തലവരിപ്പണവും കോഴയും സംഭാവനയും ആവശ്യപ്പെടുക, വിദ്യാര്‍ഥികള്‍ നല്‍കുന്ന പണത്തിന് ആവശ്യമായ രസീതി നല്‍കാതിരിക്കുക, പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് സുതാര്യമല്ലാത്തതും സംശയമുയര്‍ത്തുന്നതുമായ പ്രക്രിയകളിലൂടെ പ്രവേശനം നല്‍കുക, തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ മാധ്യമങ്ങള്‍വഴി നല്‍കുക, യോഗ്യരല്ലാത്തവരും ഗുണനിലവാരം കുറഞ്ഞവരുമായ അധ്യാപകരെ നിയമിക്കുക, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ബലംപ്രയോഗിച്ച് തടഞ്ഞുവെക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ മേഖലയിലെ തട്ടിപ്പുകളായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.
ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരോധിക്കുകയോ അംഗീകാരം റദ്ദാക്കുകയോ ചെയ്യുക, കോടതിനടപടികളിലൂടെ ശിക്ഷിക്കുക എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവേശനം നേടുന്ന സമയത്ത് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനടപടികള്‍. പരാതികള്‍ തെളിഞ്ഞാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അരക്കോടി രൂപവരെ പിഴയും നടത്തിപ്പുകാര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും ശിക്ഷനല്‍കാന്‍ മന്ത്രിസഭ ശുപാര്‍ശചെയ്തിട്ടുണ്ട്. ഈ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ത്തന്നെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഉന്നതവിദ്യാഭ്യാസമേഖലയിലുള്ള മുഴുവന്‍ പരാതികള്‍ക്കും അതിവേഗത്തില്‍ പരിഹാരം കാണാനാണ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നീതിന്യായാധികാരമുള്ള വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ രൂപവത്കരിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്. സംസ്ഥാന വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ക്ക് രൂപംകൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാറുകള്‍ക്കാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധിതമാക്കുകയാണ് മൂന്നാമത്തെ ബില്ലിന്റെ ലക്ഷ്യം. വിദ്യാഭ്യാസനിലവാരത്തെ ക്കുറിച്ച് പൊതുധാരണ വിദ്യാര്‍ഥികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ലഭിക്കുമെന്നതാണ് അക്രഡിറ്റേഷന്റെ മെച്ചമെന്ന് കേന്ദ്രമന്ത്രിസഭ വിലയിരുത്തി.ഈ ബില്ലുകളും പാര്‍ലമെന്റിന്റെ ബജറ്റ്‌സമ്മേളനം തീരുന്നതിനുമുമ്പ് കൊണ്ടുവരാനാണ് പദ്ധതി.