അനധികൃത പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്

Posted on: 20 Mar 2010



ആറ് വീടുകള്‍ക്ക് നാശം




കൊട്ടിയം: അനധികൃത പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊട്ടിയം തഴുത്തല കൊട്ടുംപുറം പള്ളിക്ക് സമീപം ചിറക്കര പുത്തന്‍വീട്ടില്‍ സുകുമാരന്‍ (80), മകള്‍ അശോക (50), അശോകയുടെ മകന്‍ അജയന്‍ (30), മകള്‍ അനീഷ (20) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അജയന്റെ നില ഗുരുതരമാണ്. തഴുത്തല പള്ളിപടിഞ്ഞാറ്റതില്‍ മുകുന്ദന്‍, ഷാജഹാന്‍, ധനജ, ഷാജി, ദുരൈരാജ്, തഴുത്തല മാജിത മന്‍സിലില്‍ സുലേഖാബീവി എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.



വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സുകുമാരന്റെ വീട്ടിലുള്ള പടക്കനിര്‍മ്മാണകേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. കൊട്ടാരക്കര സ്വദേശി ശ്രീധരന്റെ വീട് രണ്ടുമാസം മുമ്പാണ് സുകുമാരന്‍ വാടകയ്‌ക്കെടുത്തത്. സുകുമാരന്‍ വര്‍ഷങ്ങളായി പടക്കനിര്‍മ്മാണം നടത്തിവരികയാണ്. ഉഗ്രശബ്ദത്തോടെ വീടിന്റെ ഓടുകളും കതകുകളും ഭിത്തിയും പൊട്ടിത്തെറിക്കുകയായിരുന്നു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സ്ഥലത്തുനിന്ന് ലഭിച്ച വെടിമരുന്ന് കൊട്ടിയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പള്ളിപടിഞ്ഞാറ്റതില്‍ മുകുന്ദന്റെ വീടിന്റെ ഓടുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കതകുകള്‍ പൊളിഞ്ഞുവീണു. വീടിനോടു ചേര്‍ന്നുള്ള ഷെഡ് കത്തിയമര്‍ന്നു. ഷാജഹാന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ധനജയുടെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തി രണ്ടായി പിളര്‍ന്നു. ജനല്‍ച്ചില്ലുകള്‍ പൊട്ടി. അലമാരയുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. ഷാജിയുടെ വീടിന്റെ മുന്‍വശത്തെ ഭിത്തിയാണ് പൊട്ടിയത്. വയറിങ്ങും കത്തിനശിച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ദുരൈരാജയുടെ വീടിന്റെ ഓടുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. മാജിത മന്‍സിലില്‍ സുലേഖാബീവിയുടെ വീടിന്റെ ജനല്‍ച്ചില്ലുകളാണ് പൊട്ടിയത്. ചാത്തന്നൂര്‍ സി.ഐ. ജവഹര്‍ ജനാര്‍ദ്ദ്, കൊട്ടിയം എസ്.ഐ. എ.കെ.ഷെറി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/