രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നില്ല: ജമാ അത്തെ ഇസ്‌ലാമി
Posted on: 20 Mar 2010
പ്രത്യേക ലേഖിക
കൊച്ചി: മതസംഘടനയായ ജമാ അത്തെ ഇസ്‌ലാമി ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്നില്ലെന്നും നിരോധിക്കേണ്ട കാര്യമില്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം.
സംഘടനയെ നിരോധിക്കണമെന്ന ഹര്‍ജി അനുവദിച്ചാല്‍ അത് മതസ്വാതന്ത്ര്യത്തിലുള്ള ഇടപെടലാവുമെന്നും സംഘടനയുടെ കേരള ഘടകം പ്രസിഡന്റായ ടി. ആരിഫലിക്കുവേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സോളി സൊറാബ്ജിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിരോധന ആവശ്യമുന്നയിച്ച് ഇസ്‌ലാം മത പ്രബോധന സംഘത്തിനുവേണ്ടി അബ്ദുള്‍ സമദ് നല്‍കിയ ഹര്‍ജിയിലാണിത്. സംഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റിയും വരുമാന സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പിന്നീട് കോടതിയുടെ പരിഗണനയ്ക്കുവരും.
1948-ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടന വരവുചെലവുകണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ആദായനികുതി റിട്ടേണ്‍ നല്‍കുന്നുണ്ടെന്ന് ജമാ അത്തെ ഇസ്‌ലാമി സത്യവാങ്മൂലത്തില്‍ അറിയിച്ചു. മുമ്പു രണ്ടുതവണ സംഘടന നിരോധിതമായെങ്കിലും പിന്നീട് പിന്‍വലിക്കപ്പെട്ടു. അടിയന്താവസ്ഥക്കാലത്തായിരുന്നു ആദ്യനിരോധം. പിന്നീട്, കേന്ദ്രസര്‍ക്കാര്‍തന്നെ നിരോധം പിന്‍വലിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് രണ്ടാമത്തെ നിരോധം ഉണ്ടായത്. അത്തവണ സുപ്രീം കോടതി ഇടപെട്ടാണ് നിരോധം നീങ്ങിയത്. ഇപ്പോള്‍ വീണ്ടും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നത് പൊതുതാല്പര്യ വ്യവഹാരത്തിന്റെ ദുരുപയോഗമാണ്. സംഘടനയുടെ പ്രതിച്ഛായ മോശമാക്കാനുദ്ദേശിച്ചാണ് ഹര്‍ജിയെന്നാണ് ആരോപണം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam