സി.പി.എം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പടുകുഴിയില്‍ -കെ. പങ്കജാക്ഷന്‍

Posted on: 20 Mar 2010





തിരുവനന്തപുരം: ഉഗ്രമായ വിപ്ലവം വച്ചുപുലര്‍ത്തുന്ന സി.പി.എം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പടുകുഴിയിലാണ്ടുപോയെന്ന് ആര്‍.എസ്.പി. മുന്‍ ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്‍ പറഞ്ഞു. ആര്‍.എസ്.പി. 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണപങ്കാളിത്തം സി.പി.എമ്മിന്റെ വിപ്ലവചിന്താഗതി മയപ്പെടാന്‍ കാരണമായി. പ്രസ്ഥാനം പ്രഖ്യാപിച്ച സൈദ്ധാന്തിക നിലപാടില്‍ ഉറച്ചുനില്‍ക്കാനാവുന്നില്ല. മാഫിയസംഘങ്ങളുടെ താത്പര്യത്തിനാണ് പ്രസക്തി. പ്രത്യേക നിയമമുണ്ടാക്കിയാലും മൂന്നാറില്‍നിന്ന് കുത്തകകളെ ഇറക്കിവിടാനാവില്ലെന്ന് പങ്കജാക്ഷന്‍ പറഞ്ഞു.

ഭരണത്തിന്റെ ഗുണഭോക്താക്കളാവുന്നത് പ്രമാണിമാര്‍ മാത്രമാണ്. അത് വിപ്ലവചിന്തയ്ക്ക് അനുയോജ്യമല്ല. ഭരണപങ്കാളിത്തംകൊണ്ട് മറ്റുകാര്യങ്ങള്‍ നേടാമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അത് ആശാസ്യമല്ല -അദ്ദേഹം പറഞ്ഞു.

രാജ്യസഭാസീറ്റ് കിട്ടിയില്ലെന്ന കാരണത്താല്‍ മുന്നണി വിട്ടുപോകുന്ന പാര്‍ട്ടിയല്ല ആര്‍.എസ്.പിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ. ചന്ദ്രചൂഡന്‍ പറഞ്ഞു. മന്ത്രിസ്ഥാനം പോലും ഉപേക്ഷിച്ച് സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയ ചരിത്രമാണ് ആര്‍.എസ്.പിയ്ക്കുള്ളത്. അന്ന് ഏഴ് എം.എല്‍.എമാരും രണ്ട് എം.പിമാരുമുണ്ടായിരുന്നുവെന്ന് സി.പി.എമ്മിന് ഓര്‍മ വേണം. അന്ന് പാര്‍ട്ടി ഒരു തെറ്റ് തിരുത്തുകയായിരുന്നു.

മഅദനി, ഡി.ഐ.സി, അടവുനയം തുടങ്ങിയ വിഷയങ്ങളിലെല്ലാം ആര്‍.എസ്.പി. പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സീറ്റിന്റെ കാര്യത്തില്‍ ആര്‍.എസ്.പി. ഇപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി ബോണ്‍സായി പോലെയായി. ഇപ്പോള്‍ മുന്നണിയുടെ സ്വീകരണമുറിയില്‍ വച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ കയറൂരി വിട്ടിരിക്കുന്ന പോലെയാണ് പോക്ക്. ബ്യൂറോക്രാറ്റുകളല്ല ഭരണം കൈയാളേണ്ടത്. നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനാവുന്നില്ല. എപ്പോഴും തമ്മില്‍ പോരാണ്. എതിരാളികളില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പോരടിക്കും -സി.പി.എമ്മിനെ ഉദ്ദേശിച്ച് ചന്ദ്രചൂഡന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മുന്‍കാല പ്രവര്‍ത്തകരെ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ആദരിച്ചു. ഗാനങ്ങളുടെ സി.ഡി. പ്രകാശനം എ.എ. അസീസ് എം.എല്‍.എ. നിര്‍വഹിച്ചു.

തിരുവനന്തപുരം ജില്ലാസെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍, പി.കെ. ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/