യൂത്ത് കോണ്‍. സംസ്ഥാനസമ്മേളനം തുടങ്ങി

Posted on: 20 Mar 2010



അധികാര കുത്തകയ്‌ക്കെതിരെ യുവജനപ്രസ്ഥാനങ്ങള്‍ ഒരുമിച്ചുനില്‍ക്കണം



കൊല്ലം: 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യൂത്ത് കോണ്‍ഗ്രസ്സിന്റെ മൂന്നുദിവസത്തെ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച കൊല്ലത്ത് തുടക്കം. അധികാരത്തിന്റെ കുത്തകവത്കരണത്തിന് എതിരായ പോരാട്ടത്തില്‍ യുവജനപ്രസ്ഥാനങ്ങള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ സെമിനാറില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. 'സമഗ്രമാറ്റത്തിന് യുവജനരാഷ്ട്രീയം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ യൂത്ത് കോണ്‍ഗ്രസ്സിനു പുറമേ ഡി.വൈ.എഫ്.ഐ.യുടെയും യുവമോര്‍ച്ചയുടെയും സംസ്ഥാനനേതാക്കള്‍ പങ്കെടുത്തു.

അധികാരത്തിന്റെ കുത്തകവത്കരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു അടുത്തസമയത്ത് നടത്തിയ അഭിപ്രായപ്രകടനം ആര്‍ജ്ജവത്തോടെയാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് പറഞ്ഞു. സി.പി.എം. 200 പേരെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ എത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നത് വെറും 40 പേരെയാണ്.

പൊതുതാത്പര്യത്തിനുവേണ്ടി ബി.എം.എസ്. അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ക്ക് ഒരുമിച്ചുനില്‍ക്കാമെങ്കില്‍ യുവജനസംഘടനകള്‍ക്ക് എന്തുകൊണ്ട് അതായിക്കൂടെന്നും അദ്ദേഹം ചോദിച്ചു.



കശ്മീരിലെ യുവാക്കള്‍ തീവ്രവാദത്തോട് വിടപറയുമ്പോള്‍ കേരളത്തിലെ ചെറുപ്പക്കാരില്‍ചിലരെങ്കിലും തീവ്രവാദത്തില്‍ ആകൃഷ്ടരായി കശ്മീരിലേക്ക് പോകുന്നത് മുഖ്യധാരാ യുവജന പ്രസ്ഥാനങ്ങളുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമുദായിക സംഘടനകളുടെ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

അധികാര കുത്തകകള്‍ക്കെതിരെയുള്ള പോരാട്ടം വ്യക്തിപരമായി അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടിയല്ലെന്നും തലമുറകള്‍ക്കു വേണ്ടിയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു പറഞ്ഞു. സംസ്ഥാനത്ത് വിരമിക്കല്‍ തീയതി നീട്ടിയതിനെതിരെ ഡി.വൈ.എഫ്.ഐ. പ്രതികരിച്ചതിനോട് യൂത്ത് കോണ്‍ഗ്രസ് യോജിക്കുന്നു.

''നേതാക്കള്‍ അംബരചുംബികളും ദന്തഗോപുരവാസികളും ആകരുതെന്ന് ജവാഹര്‍ലാല്‍ നെഹ്രു ഒരിക്കല്‍ പ്രസംഗിച്ചപ്പോള്‍ അങ്ങയുടെ ഔദ്യോഗിക വസതിയായ ആനന്ദഭവനെക്കുറിച്ച് എന്തു പറയുന്നു എന്ന് ഒരു യുവാവ് ചോദിച്ചു. അത് രാഷ്ട്രത്തിനു നല്‍കുകയാണെന്നും ഞാന്‍ ഒരു ചെറിയ വീട്ടിലേക്കു താമസം മാറ്റുകയാണെന്നും പറഞ്ഞ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ മാതൃകയാണ് ഇന്നത്തെ നേതാക്കളും സ്വീകരിക്കേണ്ടത്- ലിജു അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് ബി.ജെ.പി.ക്കാരന്റെയും സി.പി.എമ്മുകാരന്റെയും കൂടി വികാരമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. 'രാഷ്ട്രീയത്തിലെ എല്ലാ വിളക്കുകളും കെട്ടുപോയാലും അണയാത്ത വിളക്കാണ് എ.കെ.ആന്റണി. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോള്‍പ്പോലും തീവ്രവാദത്തിനെതിരെ ചെറുവിരലനക്കാന്‍ കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു.

മരിച്ചേ മാറൂവെന്ന ശാഠ്യം രാഷ്ട്രീയത്തില്‍ ആരും സ്വീകരിച്ചുകൂടെന്ന് മോഡറേറ്റര്‍ ആയിരുന്ന കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രണ്ടുതവണ ജനപ്രതിനിധിയായിരുന്നവരെ മാറ്റിനിര്‍ത്തുന്ന സി.പി.എമ്മിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.

എന്‍.പീതാംബരക്കുറുപ്പ് എം.പി.യും സംസാരിച്ചു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വിനോദ്കുമാര്‍ സ്വാഗതവും വിദ്യാബാലന്‍ നന്ദിയും പറഞ്ഞു.

രാവിലെ സി.കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു പതാക ഉയര്‍ത്തി. ശനിയാഴ്ച 4ന് ആശ്രാമം മൈതാനിയില്‍നിന്ന് ആരംഭിക്കുന്ന പ്രകടനം കന്‍േറാണ്‍മെന്റ് മൈതാനിയില്‍ സമാപിച്ചശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/