സൂര്യതാപം: എട്ടുപേര്‍ക്കുകൂടി പൊള്ളലേറ്റു
Posted on: 20 Mar 2010
പാലക്കാട്: സംസ്ഥാനത്ത് സൂര്യതാപമേറ്റ് എട്ടുപേര്‍ക്കുകൂടി പൊള്ളലേറ്റു. പാലക്കാട്ട് മൂന്നും എറണാകുളത്ത് നാലും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ കൂടിയചൂട് പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലാണ്- 40 ഡിഗ്രി.
പാലക്കാട് പാറശ്ശേരി പൂളയ്ക്കല്‍ മുഹമ്മദിന്റെ മകന്‍ ഷെറീഫ് (37), ഷൊറണൂര്‍ പള്ളംകടവത്തൊടി ഫാത്തിമക്കുട്ടി (45) എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. ഷെറീഫിന് ഐസ്‌ക്രീം വില്പനക്കിടെയും ഫാത്തിമക്കുട്ടിക്ക് കൂലിപ്പണിയെടുക്കുന്നതിനുമിടയിലാണ് പൊള്ളലേറ്റത്. ഇതോടെ ജില്ലയില്‍ ഇത്തരം 29 കേസുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് ഡി.എം.ഒ. അറിയിച്ചു. കപ്പൂരില്‍ ഓട്ടോറിക്ഷാഡ്രൈവര്‍ മോഹനന് മുതുകില്‍ പൊള്ളലേറ്റു.
എറണാകുളത്ത് വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ജിസി (19), ത്രേസ്യ (28), കളമശ്ശേരി സ്വദേശി രജീഷ് (24), കോതമംഗലത്തെ സരളഗോപിനാഥ് (56) എന്നിവര്‍ക്ക് സൂര്യതാപമേറ്റു. തൊടുപുഴ ഉപ്പുത്തുറ മാട്ടുത്താവളത്തെ നിര്‍മാണത്തൊഴിലാളിയായ ആലയ്ക്കാപറമ്പില്‍ പ്രസാദിന് (30) ജോലിക്കിടെ പൊള്ളലേറ്റു.