കാര്‍ഷികബാങ്കിന്റെ നിലനില്‌പ് ഭീഷണിയില്‍, 120കോടി സര്‍ക്കാറിന് കമ്മീഷന്‍

Posted on: 20 Mar 2010



മാനന്തവാടി: കമ്മീഷന്‍ ഇനത്തില്‍ 120 കോടിരൂപ സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ള നിര്‍ദേശം സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നിലനില്പുതന്നെ ഭീഷണിയിലാക്കി.

കഴിഞ്ഞ അരനൂറ്റാണ്ടോളം കാലം നബാര്‍ഡിന് ഗാരന്റി നിന്നതിന്റെ കമ്മീഷനായാണ് ഇത്രയും തുക അടയ്ക്കാന്‍ സര്‍ക്കാര്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു തരത്തില്‍ 'നോക്കുകൂലി'യാണെന്ന് ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആരോപിച്ചു.

തിരുവനന്തപുരം ആസ്ഥാനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് 14 മേഖലാ കേന്ദ്രങ്ങളുണ്ട്. അഞ്ഞൂറോളം ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്. ഇതിനുപുറമെ 51 താലൂക്ക് കേന്ദ്രങ്ങള്‍ വേറെയുണ്ട്. രണ്ടായിരത്തോളം ജീവനക്കാര്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നു. സി.പി.എം.നേതാവ് സി.കെ. രാജേന്ദ്രന്‍ പ്രസിഡന്റും എ.കെ. ധരണി മാനേജിങ് ഡയറക്ടറുമാണ്.

ബാങ്കിന്റെ ഫണ്ട് 90 ശതമാനവും നബാര്‍ഡില്‍ നിന്നുള്ളതാണ്. ഇതിന് ഗാരന്റി നില്‍ക്കുന്നത് സര്‍ക്കാറാണ്. അതൊരു സാങ്കല്പിക ഗാരന്റിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാഥമിക ബാങ്കുകള്‍ വഴിയാണ് ബാങ്ക് കര്‍ഷകര്‍ക്ക് വായ്പയെത്തിക്കുന്നത്. പലിശ ആറു മുതല്‍ ഒമ്പതു ശതമാനംവരെ മാത്രം.

നബാര്‍ഡിന് ഗാരന്റി നില്‍ക്കുന്ന വകയില്‍ മുക്കാല്‍ ശതമാനം കമ്മീഷന്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഇക്കാര്യം സമഗ്രമായി പഠിച്ചിരുന്നു. കമ്മീഷന്‍ വാങ്ങിയാല്‍ ബാങ്കിന്റെ നിലനില്പുതന്നെ പ്രതിസന്ധിയിലാവുമെന്നു കണ്ടെത്തി ഒഴിവാക്കുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യം വീണ്ടും പരിഗണിക്കുകയും കഴിഞ്ഞ 50 വര്‍ഷമായി നബാര്‍ഡില്‍ നിന്ന് ലഭിച്ച തുകയുടെ മുക്കാല്‍ ശതമാനം തിരിച്ചടയ്ക്കണമെന്ന് നിര്‍ദേശിക്കുകയുമാണുണ്ടായത്.

സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുപോലെ 120 കോടിയോളം രൂപ ഗാരന്റി കമ്മീഷന്‍ ഇനത്തില്‍ നല്‍കേണ്ടിവരികയാണെങ്കില്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയുള്ള ബാങ്ക് പൂട്ടേണ്ടിവരുമെന്ന് കണക്കുകള്‍ നിരത്തി ബാങ്ക് അധികൃതര്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയതാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കാര്‍ഷിക ബാങ്കുകള്‍ തകര്‍ന്നപ്പോഴും മാതൃകാപരമായ പ്രവര്‍ത്തനം നടത്തി നല്ല കാര്‍ഷിക ബാങ്കിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ധനകാര്യ സ്ഥാപനമാണിത്. അതാണ് തലതിരിഞ്ഞ സര്‍ക്കാര്‍ നയം മൂലം ഭീഷണി നേരിടുന്നതെന്ന് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/