
കണ്ണൂര്‍: ലഷ്‌കര്‍ ഭീകരന്‍ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിടെ നസീറും (32) സംഘവും മൈസൂരില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള ബസ്സില്‍ ബോംബ്‌സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘത്തിന് വിവരംലഭിച്ചു. ബാംഗ്ലൂരില്‍ സ്‌ഫോടനംനടത്തി മടങ്ങുംവഴി ബസ്സില്‍ ബോംബ് വെക്കാനായിരുന്നു പദ്ധതി. ഇതിനായി തയ്യാറാക്കി വെച്ചിരുന്ന പൈപ്പ് ബോംബുകളില്‍ ചിലത് യാത്രയ്ക്കിടെ ഇളകിപ്പോയതിനാല്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന.
ഇങ്ങനെ ഉപയോഗ ശൂന്യമായതുള്‍പ്പെടെയുള്ള പൈപ്പ് ബോംബുകളാണ് കണ്ണൂര്‍ സിറ്റി മാണിക്കക്കാവിന് സമീപമുള്ള ഒഴിഞ്ഞകിണറ്റില്‍ ഉപേക്ഷിച്ചത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഡിറ്റണേറ്റര്‍ ബോംബ് സ്ഥാപിച്ച കേസിന്റെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നസീറിനെയും കൂട്ടാളി കണ്ണൂര്‍ സിറ്റി പൗണ്ട്‌വളപ്പില്‍ 'ഷഫ്‌നാസി'ല്‍ ഷഫാസിനെയും (25) അന്വേഷണസംഘം കണ്ണൂരില്‍ ചോദ്യംചെയ്തുവരികയാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബുകള്‍ നിര്‍മിച്ചതിനൊപ്പമാണ് പൈപ്പ് ബോംബുകളും നിര്‍മിച്ചത്. പെരുമ്പാവൂരില്‍നിന്ന് മോഷ്ടിച്ച അമോണിയം നൈട്രേറ്റാണ് ഇതിന് ഉപയോഗിച്ചത്. ബാംഗ്ലൂര്‍ നഗര പ്രാന്തത്തില്‍ മുജീബ് വാടകയ്‌ക്കെടുത്ത വീട്ടില്‍വെച്ചാണ്ഇവ നിര്‍മിച്ചതെന്നും വ്യക്തമായി. പെരുമ്പാവൂരില്‍നിന്നും ഹൈദരാബാദില്‍നിന്നും കണ്ണൂരിലെത്തിച്ച സ്‌ഫോടക വസ്തുക്കളും ഇലക്‌ട്രോണിക്‌സ് ഡിറ്റണേറ്ററുകളും ടൈമറുകളും ബാംഗ്ലൂരിലെത്തിച്ചാണ് ബോംബ് നിര്‍മിച്ചത്. നസീറിന്റെയും പരപ്പനങ്ങാടി ചെട്ടിപ്പടി അബ്ദുള്‍റഹിമാന്റെയും നേതൃത്വത്തില്‍ ഉമര്‍ഫാറൂഖ്, ജബ്ബാര്‍, ഷുഹൈബ്, മുജീബ് എന്നിവരുള്‍പ്പെട്ട സംഘമാണ് ബോംബ് നിര്‍മിച്ചത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനായി 14 ബക്കറ്റ് ബോംബുകളും രണ്ട് പെട്ടിബോംബുകളും ഉള്‍പ്പെടെ 16 ബോംബുകളാണ് നിര്‍മിച്ചതെന്നും വിവരം ലഭിച്ചു. പൈപ്പ് ബോംബുകള്‍ ഇതിന് പുറമെയാണ്. ബാംഗ്ലൂരില്‍ ബോംബ് സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ നസീറും സര്‍ഫ്രാസ് നവാസും ഷുഹൈബും ചേര്‍ന്നാണ് നിശ്ചയിച്ചത്.
നസീറിന്റെ നേതൃത്വത്തില്‍ സലീമും മനാഫും റഹീമും ചേര്‍ന്ന് വാഹനത്തില്‍പോയാണ് ഇവിടങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചതെന്നും വിവരംലഭിച്ചു. തുടര്‍ന്ന് നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേവാഹനത്തിലും ഫായിസും ജബ്ബാറും ഷുഹൈബും ബസ്സിലും കണ്ണൂരിലേക്ക് മടങ്ങി. ഈ യാത്രയ്ക്കിടെ മൈസൂരില്‍നിന്ന് ബസ്സില്‍ ബോംബ് വെക്കാനായിരുന്നു പരിപാടി. മൂന്നുമണിക്കൂറിനുള്ളില്‍ സ്‌ഫോടനംനടക്കുന്ന വിധമാണ് ടൈമര്‍ ക്രമീകരിച്ചിരുന്നത്. പൈപ്പ് ബോംബിന് തകരാര്‍ പറ്റിയതിനാല്‍ പദ്ധതി പാതിവഴിക്കുവെച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. നസീര്‍ കണ്ണൂര്‍ സിറ്റിയിലെത്തിച്ച പൈപ്പ് ബോംബുകള്‍ ഒഴിവാക്കുന്നതിന് ഫയാസിനെ ചുമതലപ്പെടുത്തി. ഫായിസ് മാണിക്കക്കാവിന് സമീപമുള്ള കിണറ്റില്‍ ഉപേക്ഷിച്ച ബോംബുകളാണ് പിന്നീട് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സിറ്റി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്.
നസീറിനെയും ഷഫാസിനെയും മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിലാണ് ചോദ്യംചെയ്യുന്നത്. 11 ദിവസത്തേക്കാണ് നസീറിനെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുള്ളത്. മാര്‍ച്ച് 23ന് തിരികെ ഹാജരാക്കണം.