വയനാട്ടില്‍ വീണ്ടും കൈയേറ്റ സമരം, അഞ്ചിടത്തുനിന്ന് കൈയേറ്റക്കാര്‍ പിന്‍മാറി
Posted on: 20 Mar 2010
കല്പറ്റ: സി.പി.എം. പോഷക സംഘടനയായ കര്‍ഷകത്തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു.) നേതൃത്വത്തില്‍ വ്യാഴാഴ്ച വയനാട് ജില്ലയിലെ ആറിടങ്ങളില്‍ ഭൂമികൈയേറി. ഇതില്‍ അഞ്ചു കേന്ദ്രങ്ങളില്‍ നിന്ന് കൈയേറ്റക്കാര്‍ പിന്മാറി.
'ഭൂമിയില്‍ അവകാശം സ്ഥാപിക്കല്‍' എന്ന മുദ്രാവാക്യവുമായി നടന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി-പ്രമുഖ തേയിലത്തോട്ടങ്ങളടക്കമുള്ള ഭൂമികളിലേക്ക് മാര്‍ച്ച് നടത്തിയാണ് കൊടികുത്തി അവകാശം സ്ഥാപിച്ചത്. എച്ച്.എം.എല്‍. കമ്പനിയുടെ അച്ചൂര്‍ എസ്റ്റേറ്റ്, മേപ്പാടി പുത്തുമല ഡിവിഷന്‍, പുല്പള്ളി പാമ്പ്ര എസ്റ്റേറ്റ്, മാനന്തവാടി തൃശ്ശിലേരി പാരിസണ്‍ എസ്റ്റേറ്റ്, നല്ലൂര്‍നാട് തോണിച്ചാല്‍ കാരക്കുനി എന്നിവിടങ്ങളിലായിരുന്നു അവകാശം സ്ഥാപിച്ചത്. ഇതില്‍ കാരക്കുനിയൊഴികെയുള്ള കേന്ദ്രങ്ങളില്‍ നിന്നാണ് പിന്‍മാറിയത്.
കാരക്കുനിയിലെ 3.90 ഏക്കര്‍ തരിശുഭൂമിയില്‍ 40 കുടിലുകള്‍ കെട്ടിയിട്ടുണ്ട്. അധികം താമസിയാതെ മറ്റു കേന്ദ്രങ്ങളിലും കുടില്‍ കെട്ടി താമസിക്കുമെന്നാണ് കെ.എസ്.കെ.ടി.യു. നേതാക്കള്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ച് 23ന് വയനാട്ടിലെ ഭൂമി കൈയേറ്റം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇപ്പോഴത്തെ പിന്‍മാറ്റമെന്നും അറിയുന്നു.
കാരക്കുനിയിലെ 3.77 ഏക്കര്‍ ഭൂമി 63 കുടുംബങ്ങളാണ് കൈയേറിയത്. ചാലിയാടന്‍ കുഞ്ഞബ്ദുള്ളയുടെ പക്കല്‍ നിന്ന് ടി.എല്‍.ബി. 507/73 നമ്പറിലുള്ള ഈ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. റവന്യൂരേഖകള്‍ പ്രകാരം ഭൂമി ഇപ്പോള്‍ അഞ്ച് ആദിവാസികളുടെ പേരിലാണ്. പാത്തറച്ചാല്‍ അപ്പു -ഒരേക്കര്‍, പാത്തറച്ചാല്‍ കുറുക്കന്‍ -ഒരേക്കര്‍, പിലാക്കണ്ടി ചൊക്രന്‍ -92 സെന്റ്, പിലാക്കണ്ടിയില്‍ കുറുക്കന്‍ -25 സെന്റ്, പടകാണി കുറിച്യന്‍ അപ്പച്ചന്‍ -60 സെന്റ് എന്നിങ്ങനെയാണ് അന്നുനല്‍കിയത്. എന്നാല്‍ ഈ ഭൂമി പതിച്ചു നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൈയേറ്റം നടത്തിയതെന്നും സമരസമിതി കണ്‍വീനര്‍ മനു കുഴിവേലില്‍ പറഞ്ഞു. ആദിവാസികള്‍ക്കു വേണ്ടി നിശ്ചയിച്ച ഭൂമിയുടെ കൈമാറ്റം ത്വരഗതിയിലാക്കാനുള്ള സമ്മര്‍ദമാണ് കൈയേറ്റ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടില്‍ കെട്ടിയത് അര്‍ഹരായ ആദിവാസികള്‍ മാത്രമാണെന്ന് സമരസമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ പറഞ്ഞു.
കുന്ദമംഗലം, കാരക്കുനി, പത്തില്‍ കുന്ന്, കണ്ടറമൂല, അത്തേരി, കാവറ്റ, പാത്തറച്ചാല്‍, ചെറുവയല്‍ എന്നീ കോളനികളില്‍ നിന്നുള്ളവരാണ് ഭൂമി കൈയേറിയത്. തോണിച്ചാല്‍ ടൗണില്‍ നിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്ത് റോഡരികിലുള്ള നിരപ്പൊത്ത ഭൂമിയാണ് ഇത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ 40 കുടിലുകള്‍ നിര്‍മിച്ചു. തോണിച്ചാലില്‍ നിന്ന് അഞ്ഞൂറോളം പേര്‍ പ്രകടനമായെത്തിയാണ് ഭൂമിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ റവന്യൂ അധികൃതര്‍ സ്വകാര്യ ഭൂമിയാണെന്ന് സമരക്കാരെ അറിയിച്ചു. തെറ്റിദ്ധാരണ മൂലമാണ് സി.പി.എം. സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറിയതെന്നാണ് റവന്യൂ അധികൃതരുടെ വാദം. ഈ ഭൂമി ആദിവാസികള്‍ക്ക് 'പതിവ് ഉത്തരവി'ലൂടെ കൈമാറിയെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.കെ. സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. എ.കെ.എസ്. സംസ്ഥാന കമ്മിറ്റി അംഗം പി. ചന്തു അധ്യക്ഷതവഹിച്ചു.