വിദേശ സര്‍വകലാശാലാബില്‍: കോണ്‍ഗ്രസ്സിനുള്ളില്‍ ബോധവത്കരണം
Posted on: 20 Mar 2010
ന്യൂഡല്‍ഹി: വിദേശസര്‍വകലാശാലാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുംമുമ്പ് കോണ്‍ഗ്രസ്സിനുള്ളില്‍ ബില്‍സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും. കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ ഈ ബില്ലിലെ വ്യവസ്ഥകള്‍സംബന്ധിച്ച് പാര്‍ട്ടിനേതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടുന്നതിനുവേണ്ടിയാണിതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ട പശ്ചാത്തലത്തിലാണിത്. അതേസമയം, ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിറകോട്ടുപോകില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
വിദേശവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങുന്നതിന് അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് ബില്‍.
കേന്ദ്രമന്ത്രിസഭ ബില്ലിന് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച സെക്രട്ടറിതല സമിതിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയാണുണ്ടായത്.
ബില്ലിനെതിരെ ഇടതുപക്ഷവും ബി.ജെ.പി.യും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് ഈ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
ഇടതുപക്ഷവും ബി.ജെ.പി.യും ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളവയാണെങ്കിലും ഭാവിതലമുറകളെക്കൂടി ബാധിക്കുന്ന വിഷയം എന്ന നിലയില്‍ ഇവ ദൂരീകരിക്കേണ്ടതാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
വിദേശസര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അവയിലെ പാഠ്യപദ്ധതി എന്തായിരിക്കും, രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് ഇവ അനുഗുണമായിരിക്കുമോ, ഇവയിലെ പ്രവേശന മാനദണ്ഡങ്ങള്‍, ഫീസ്, സര്‍ക്കാറിനുള്ള നിയന്ത്രണം എന്നിവ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പ്രവേശനത്തിലെ സംവരണംസംബന്ധിച്ച് ഈ സര്‍വകലാശാലകളുടെ നിലപാട് എന്തായിരിക്കുമെന്നും വ്യക്തമാക്കേണ്ടതുണ്ടെന്ന് ചില നേതാക്കള്‍ പറഞ്ഞു. മന്ത്രി കപില്‍സിബല്‍ ബില്ലിന്റെ കാര്യത്തില്‍ തിടുക്കം കാട്ടിയെന്ന പരാതിയും കോണ്‍ഗ്രസ്സിനുള്ളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്.
അതേസമയം, വിദേശവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഇടതുപക്ഷത്തിന് അനുകൂലനിലപാടായിരുന്നു നേരത്തേ ഉണ്ടായിരുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. 2005-ല്‍ ഈ വിഷയം ഉയര്‍ന്നുവന്നപ്പോള്‍, വിദേശസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും, എന്നാല്‍ അവയെ കൃത്യമായി നിയന്ത്രിക്കണമെന്നുമായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. എന്നാല്‍, ഇപ്പോള്‍ അവരുടെ നിലപാട് വിദേശസ്ഥാപനങ്ങളേ പാടില്ലെന്നാണ്. വ്യക്തമായ നിയന്ത്രണങ്ങളോടെയാണ് വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇന്ത്യയിലെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങള്‍ അവരും പാലിക്കണം. എന്നാല്‍, വിദേശസ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു വിവേചനവും കാട്ടുകയുമില്ല. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം നല്‍കാന്‍ ബില്‍ ഉപകരിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.