
പത്തിരിപ്പാല: പാഠപുസ്തകത്തിനൊപ്പം നാലഞ്ച് ജോടി നിക്കറും കരുതിയാണ് ഷാഹുല്‍ ഹമീദിന്റെ സ്‌കൂള്‍യാത്ര. വിരുന്നിനായാലും ചികിത്സയ്ക്ക് ആസ്പത്രിയിലേക്കായാലും അറിയാതെ മൂത്രം പോകുന്നതുകാരണം നനഞ്ഞനിക്കര്‍ മാറ്റി മാറ്റി തളരുകയാണീ എട്ടുവയസ്സുകാരന്‍.ക്ലാസിനിടെ ഷാഹുല്‍ എഴുന്നേറ്റുനിന്നാല്‍ അധ്യാപകര്‍ക്കറിയാം വട്ടമുഖവും വിടര്‍ന്ന കണ്ണുകളുമുള്ള ഈ കൊച്ചുമിടുക്കന്റെ അസ്വസ്ഥത.
അനുവാദം കിട്ടി പുറത്തുപോയി മൂത്രശങ്ക തീര്‍ത്ത് തിരികെ ക്ലാസിലെത്തിയാല്‍ പിന്നീട് മൂത്രംപോകുന്നത് ഷാഹുല്‍ അറിയില്ല. നിക്കര്‍ നനയുന്നതോടെ വീണ്ടും അധ്യാപകരോട് അനുവാദംവാങ്ങി പുറത്തേക്ക്. പുറത്തുസൂക്ഷിച്ച ബാഗില്‍നിന്ന് പുതിയ നിക്കറെടുത്ത് ധരിച്ച് തിരികെ ക്ലാസിലേക്ക്. രാവിലെ മദ്രസ്സപഠനം കഴിഞ്ഞാണ് ഷാഹുല്‍ സ്‌കൂളിലെത്തുന്നത്. ദിവസത്തില്‍ ഇത് നാലും അഞ്ചും തവണ ആവര്‍ത്തിക്കുമ്പോഴേക്കും ഏറെ ക്ഷീണിതനാവും ഷാഹുല്‍.
വൈകീട്ട് സ്‌കൂള്‍വിട്ട് നനഞ്ഞ നിക്കറുകള്‍ അടുക്കിയ ബാഗുമായി ഷാഹുല്‍ വീട്ടിലെത്തുമ്പോള്‍ മകന്റെ ദുരവസ്ഥ കണ്ട് കണ്ണീര്‍വാര്‍ക്കുന്ന ഉമ്മയോട് ഷാഹുല്‍ കെഞ്ചും. 'നിക്ക് കൊറെ നിക്കറ് വാങ്ങിത്തരണം ഉമ്മാ'.തേനൂര്‍ പുല്ലേപറമ്പ് വീട്ടില്‍ സലീമിന്റെയും ബീവിജാന്റെയും മൂത്തമകനാണ് ഷാഹുല്‍ഹമീദ്. ഇളയവന്‍ ഷാഹിദിന് രണ്ടുവയസ്സ് പ്രായം. തേനൂര്‍വെസ്റ്റ് എ.യു.പി. സ്‌കൂളില്‍ രണ്ടാംക്ലാസിലാണ് ഈ വിദ്യാര്‍ഥി.
കുട്ടിക്കാലത്ത് ഇതൊരുരോഗമാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല. ഷാഹുല്‍ വളര്‍ന്ന് വലുതായപ്പോഴും അറിയാതെ മൂത്രംപോകുന്നത് കണ്ടപ്പോഴാണ് ചികിത്സ തേടിയത്. തൃശ്ശൂര്‍ മെഡിക്കല്കോളേജാസ്പത്രിയിലായിരുന്നു ആദ്യം ചികിത്സിച്ചത്. മരമില്ലില്‍ കൂലിവേലചെയ്യുന്ന സലീമിന് പണത്തിന് ഞെരുക്കമാകുമ്പോഴൊക്കെ മകന്റെ ചികിത്സ മുടങ്ങും.ഇതറിഞ്ഞ് സ്‌കൂളിലെ അധ്യാപകരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് കുറേ പണം സമാഹരിച്ച് ബാംഗ്ലൂരിലെ പുട്ടപ്പര്‍ത്തി സായി സൂപ്പര്‍സ്‌പെഷാലിറ്റി ആസ്പത്രിയിലും ചികിത്സതേടി.
ഇപ്പോള്‍ കൊച്ചിയിലെ അമൃത മെഡിക്കല്‍ സയന്‍സ് ആസ്പത്രിയിലെ യൂറോളജിസ്റ്റ് ഡോ. സുധീറാണ് ഷാഹുലിനെ ചികിത്സിക്കുന്നത്. ജന്മനാ നട്ടെല്ലിനുള്ള ബലക്ഷയംകാരണം മൂത്രസഞ്ചി ചുരുങ്ങിയുണ്ടാകുന്ന 'ന്യൂറോജെനിക് ബ്ലാഡര്‍' എന്ന അപൂര്‍വ രോഗമാണ് ഷാഹുലിന്. എട്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മൂത്രം കിഡ്‌നിയിലേക്ക് കടക്കുന്ന സ്ഥിതി തടയാനാകുമെന്ന് ഡോക്ടര്‍ പറയുന്നു. ഇതിനായി 15 ദിവസം ആസ്പത്രിയില്‍ അഡ്മിറ്റ്‌ചെയ്യണം. മകന്റെ ചികിത്സച്ചെലവിനായി ഒരുലക്ഷംരൂപയോളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സലീം.
ഷാഹുലിന് സര്‍ക്കാര്‍വക ധനസഹായം ലഭ്യമാക്കുന്നതിനായി പറളി വിദ്യാഭ്യാസ ഉപജില്ല ബി.ആര്‍.സി. ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
ഓപ്പറേഷന്‍ ചെലവ് കണ്ടെത്തുന്നതിനായി പറളി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സതീദേവി രക്ഷാധികാരിയായും വാര്‍ഡംഗം കെ. അനില്‍കുമാര്‍ കണ്‍വീനറായും ചികിത്സാസമിതി രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ഡംഗത്തിന്റെയും ഷാഹുലിന്റെ അച്ഛന്‍ സലീമിന്റെയും പേരില്‍ ജോയന്റ് അക്കൗണ്ട് പറളി സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ തുടങ്ങി. അക്കൗണ്ട് നമ്പര്‍: 67106093002.