വൈകല്യങ്ങളെ പിന്നിലാക്കി ടോണി തോമസ് പരീക്ഷാഹാളില്‍

Posted on: 18 Mar 2010



കട്ടപ്പന: ജന്മനായുണ്ടായ വൈകല്യങ്ങളെ തോല്പിപ്പ് കട്ടപ്പന സെന്റ്‌ജോര്‍ജ് ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതിന്റെ ആഹ്ലാദത്തിലാണ് ടോണി തോമസ്. കട്ടപ്പന കടമക്കുഴി വെട്ടുകല്ലാംകുഴി ടോമിയുടെയും വത്സമ്മയുടെയും മകനാണ് ടോണി. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടായ അപകടത്തെ തുടര്‍ന്ന് തലയ്ക്ക് കീഴ്‌പ്പോട്ട് വൈകല്യങ്ങളോടെയാണ് ടോണി ജനിച്ചത്. എല്ലുകള്‍ക്ക് വളര്‍ച്ച കുറവായതിനാല്‍ നടക്കുന്നതിനും കൈകള്‍കൊണ്ട് ബലവത്തായ ജോലികള്‍ ചെയ്യുന്നതിനും ടോണിക്ക് കഴിയില്ല.

നാലുവര്‍ഷം വൈകിയാണ് സ്‌കൂളില്‍ ചേര്‍ത്തത്. എന്നാല്‍, പഠനവഴിയില്‍ വൈകല്യങ്ങള്‍ ടോണിക്ക് തടസ്സമായില്ല. മാതാപിതാക്കളും ഇളയ സഹോദരങ്ങളായ ടോം, ടോമിറ്റ് എന്നിവരും അധ്യാപകരും സഹായമേകിയപ്പോള്‍ മികച്ച നിലയില്‍ത്തന്നെ പത്താംക്ലാസ്സ് വരെയെത്തി. കൈകള്‍ക്ക് വൈകല്യമുണ്ടെങ്കിലും ടോണിതന്നെയാണ് പരീക്ഷ എഴുതിയത്. 25 മിനിട്ട് അധികസമയവും ടോണിക്ക് അനുവദിച്ചിട്ടുണ്ട്. സമൂഹത്തിന് തന്നെക്കൊണ്ട് ഉപയോഗപ്രദമായ ഒരു ജോലി നേടുകയാണ് ടോണിയുടെ ആഗ്രഹം. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ ടോമിയാണ് എല്ലാദിവസവും എടുത്തുകൊണ്ട് ടോണിയെ സ്‌കൂളിലെത്തിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/