സംസ്ഥാനത്തെ നാല് സര്‍വകലാശാലകളുടെയും 65 കോളേജുകളുടെയും നാക്ക് അക്രഡിറ്റേഷന്‍ റദ്ദായി

Posted on: 18 Mar 2010


അനീഷ് ജേക്കബ്ബ്‌



തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സര്‍വകലാശാലകളുടെയും 65 കോളേജുകളുടെയും നാക്ക് അക്രഡിറ്റേഷന്‍ റദ്ദായി. കാലാവധി തീരുംമുമ്പ് അക്രഡിറ്റേഷന്‍ പുതുക്കാനുള്ള നടപടികള്‍ സര്‍വകലാശാലകളും കോളേജുകളും സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇത് റദ്ദായത്.

കേരള, എം.ജി, കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകളുടെ അക്രഡിറ്റേഷനാണ് റദ്ദായത്. കേരളയ്ക്ക് ബി++, കാലിക്കറ്റിന് ത്രീസ്റ്റാര്‍, എം.ജി.ക്ക് ബി+, കൊച്ചിക്ക് ത്രീസ്റ്റാര്‍ അക്രഡിറ്റേഷനാണ് നിലവില്‍ ഉണ്ടായിരുന്നത്. കേരളയിലെ 23-ഉം കാലിക്കറ്റിലെ 20-ഉം എം.ജി.യിലെ 18-ഉം കണ്ണൂര്‍ സര്‍വകലാശാലയിലെ നാലും കോളേജുകളുടെ അക്രഡിറ്റേഷനും റദ്ദായി. 2005നു മുമ്പ് അക്രഡിറ്റേഷന്‍ ലഭിച്ച സ്ഥാപനങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത് എന്നതിനാല്‍ അതിനുശേഷം അക്രഡിറ്റേഷന്‍ ലഭിച്ച കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ഇത് ബാധകമായിട്ടില്ല.

അഞ്ചുവര്‍ഷത്തേക്കാണ് നാക്ക് അക്രഡിറ്റേഷന്‍ ലഭിക്കുക. കാലാവധി കഴിയുന്നതിന് ആറു മാസംമുമ്പ് ഓരോ സ്ഥാപനവും സ്വയം പഠനറിപ്പോര്‍ട്ടും അക്രഡിറ്റേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷയും നല്കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ പാലിക്കാത്തതാണ് അക്രഡിറ്റേഷന്‍ റദ്ദാകാന്‍ കാരണം.

കേരളയിലെ എം.ജി. കോളേജും എം.ജി.യിലെ മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലവും സെന്റര്‍ ഫോര്‍ പൊട്ടന്‍ഷ്യല്‍ എക്‌സലന്‍സായി യു.ജി.സി. തിരഞ്ഞെടുത്തിരുന്നു. നാക്ക് അക്രഡിറ്റേഷന്‍ റദ്ദാകുന്നതോടെ ഇവയ്ക്ക് ലഭിക്കുമായിരുന്ന യു.ജി.സി.യുടെ ഒന്നരക്കോടി രൂപയ്ക്കുള്ള സഹായവും നഷ്ടമാകുമെന്നാണ് കരുതുന്നത്. കോളേജുകളുടെയും സര്‍വകലാശാലകളുടെയും ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയാണ് നാക്ക്. നാക്ക് അക്രഡിറ്റേഷന്റെ പദവിക്കനുസൃതമായാണ് യു.ജി.സി അടക്കമുള്ള ഏജന്‍സികളുടെ സാമ്പത്തികസഹായം ഇവയ്ക്ക് ലഭിക്കുക. അക്രഡിറ്റേഷന്‍ റദ്ദായതോടെ ഇവയ്ക്ക് ലഭിക്കുമായിരുന്ന കോടിക്കണക്കിനു രൂപയുടെ ധനസഹായവും നഷ്ടപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/