സ്‌പ്രേ അടിച്ച് മയക്കി 75 പവന്‍ കവര്‍ന്നു
Posted on: 18 Mar 2010
ചെന്നൈ: പട്ടാപ്പകല്‍ നഗരത്തില്‍ വീട്ടില്‍ക്കയറി മയക്കു സ്‌പ്രേ അടിച്ച് ഗൃഹനാഥന്‍ ഉള്‍പ്പെടെ നാലുപേരെ മയക്കിയ ശേഷം 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പാലമാക്കം ഗോവിന്ദന്‍ നഗറില്‍ രണ്ടാമത്തെ തെരുവില്‍ താമസിക്കുന്ന മുത്തു (55) ഭാര്യ ഹംസം (48), മക്കളായ ദീപക് (17), സായ് ഗണേശന്‍ (17) എന്നിവരെ മയക്കിയ ശേഷമാണ് കൊള്ള നടന്നതെന്ന് നിലങ്കാര പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ മുത്തുവിന്റെ മൂത്തമകന്‍ വിജയന്‍ കോളേജില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാലുപേരും മയങ്ങിക്കിടക്കുകയായിരുന്നു. വീടിന്റെ കിടപ്പുമുറിയിലെ അലമാര തുറന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 75 പവനാണ് കവര്‍ന്നത്. നിലാങ്കര പോലീസ് എത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. നാലുപേരെയും ചെന്നൈ ഗവണ്മെന്റ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അതിശക്തമായ മയക്കു സ്‌പ്രേയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം മൂന്നിനും വൈകീട്ട് ആറിനുമിടയിലായിരിക്കണം കവര്‍ച്ച നടന്നതെന്ന് കരുതുന്നു. കേസ് അന്വേഷിക്കാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam