
'ഭക്തമഞ്ജുള'യാണ് ശ്രീക്കുട്ടിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. എന്നാല്‍, മലയാളചിത്രം പ്രതീക്ഷിച്ചിരുന്ന ഈ സുന്ദരിയെ തേടിയെത്തിയത് തമിഴ്‌സിനിമ. അതും ആദ്യചിത്രത്തില്‍തന്നെ നായികയായി. ഇന്ന് ശ്രീക്കുട്ടി തമിഴകത്തിന്റെ സ്വന്തം 'ശ്രീനിധി'യാണ്.
കെ. സ്റ്റീഫന്‍ സംവിധാനം ചെയ്ത് വിഷുവിന് തിയേറ്ററുകളിലെത്തുന്ന ബിഗ്ബജറ്റ് ചിത്രമായ 'മാര്‍കഴി 16'ലെ നായികയാണ് ഈ മലയാളി പെണ്‍കൊടി. ആദ്യചിത്രത്തില്‍ തന്നെ നായികാ കഥാപാത്രമായതിന്റെ ത്രില്ലിലാണ് ഈ പതിനാറുകാരി. മഞ്ജുളാ ശ്രീക്കുട്ടി ശ്രീനിധിയായതിന്റെയും മാര്‍കഴി 16ന്റെയും വിശേഷങ്ങളിലേക്ക്.
ശ്രീക്കുട്ടിയെ മലയാളികളറിയുന്നത് ഭക്തമഞ്ജുള എന്ന പേരിലാണ്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത് സൂര്യാ ടി.വിയില്‍ സംപ്രേഷണം ചെയ്ത 'ശ്രീഗുരുവായൂരപ്പന്‍' പരമ്പരയിലെ ഭക്തമഞ്ജുള മലയാളി വീട്ടമ്മമാരെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്.
ഈ പരമ്പരയില്‍ ഒപ്പമുണ്ടായിരുന്ന നടി കലാരഞ്ജിനിയാണ് കെ. സ്റ്റീഫന്റെ മാര്‍കഴി 16ലേക്ക് ശ്രീക്കുട്ടിയെ നിര്‍ദേശിച്ചത്. കലാരഞ്ജിനിയില്‍ നിന്ന് ഫോട്ടോകള്‍ കണ്ട സംവിധായകന്‍ സ്റ്റീഫന്‍ ശ്രീക്കുട്ടിയെ ചെന്നൈയിലേക്ക് വിളിപ്പിച്ചു. കാല്പനികമായ പ്രണയവും വൈകാരികമായ ജീവിതസന്ദര്‍ഭങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും നായകനെ സദാചുറ്റിത്തിരിയുന്നൊരു പെണ്ണല്ല മാര്‍കഴിയിലെ നായിക 'ജന്നിഫര്‍'. ചിത്രം ധനു 16-എന്ന പേരില്‍ മലയാളത്തിലും എത്തുന്നുണ്ട്.
മാര്‍കഴി മാസം 16ന് (ധനു 16) ഒരു പള്ളിയില്‍വെച്ച് നടക്കുന്ന തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ തുടക്കം. നെട്ടയം എ.ആര്‍.ആര്‍. പബ്ലിക് സ്‌കൂളിലെ ഈ പത്താംക്ലാസുകാരി സിനിമയില്‍ ചെയ്തിരിക്കുന്നതാകട്ടെ വിവാഹം മുടങ്ങിനില്‍ക്കുന്ന 23-കാരിയുടെ വേഷമാണ്. തമിഴിലെ ഭാനുചന്ദ്രയുടെ മകന്‍ ജയന്ത് ആണ് ചിത്രത്തിലെ നായകന്‍. തമിഴ്, തെലുങ്ക് സൂപ്പര്‍ഹിറ്റുകളുടെ ശില്പി വെങ്കിടേഷിനൊപ്പം 15 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ അനുഭവപാരമ്പര്യവുമായാണ് കെ. സ്റ്റീഫന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.