ചെല്‍സിയും കടന്ന് ഇന്റര്‍
Posted on: 18 Mar 2010
മൗറീന്യോക്ക് മധുരപ്രതികാരം
ലണ്ടന്‍: ചെല്‍സിയില്‍ നിന്ന് അപമാനിതനായി മടങ്ങേണ്ടിവന്ന പരിശീലകന്‍ ഹോസെ മൗറീന്യോക്ക് മധുര പ്രതികാരം. സ്റ്റാംഫോംബ്രിഡ്ജില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ സാമുവല്‍ എറ്റൂവിന്റെ ഏകഗോളില്‍ ചെല്‍സിയെ വീഴ്ത്തിയാണ് മൗറീന്യോയുടെ ഇന്റര്‍മിലാന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മിലാനില്‍ ആദ്യ പാദത്തില്‍ 2-1ന് തോറ്റ പ്രീമിയര്‍ ലീഗ് ടീമിന് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്നു. മറ്റൊരു കളിയില്‍ സ്പാനിഷ് ടീം സെവിയയെ തോല്പിച്ച സി.എസ്.കെ.എ. മോസ്‌കോയും ക്വാര്‍ട്ടറില്‍ കടന്നു (2-1). ആദ്യപാദത്തില്‍ ഇരു ടീമുകളും 1-1ന് സമനിലയിലായിരുന്നു.
''ഞാന്‍ ചെല്‍സിയെ ഇഷ്ടപ്പെടുന്നു. ഈ സ്റ്റേഡിയവും ആരാധകരും എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ, ഞാന്‍ പ്രൊഫഷണല്‍ പരിശീലകനാണ്. ഭാവിയില്‍ ഏതെങ്കിലും ഇംഗ്ലീഷ് ടീമിന്റെയൊ ഒരു പക്ഷേ, ചെല്‍സിയുടെ തന്നെയോ പരിശീലകനായിക്കൂടെന്നില്ല''-മത്സരശേഷം മൗറീന്യോ പറഞ്ഞു. ചെല്‍സി ഉടമ റഷ്യന്‍ വ്യവസായി റൊമാന്‍ ഇബ്രാഹിമോവിച്ചുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് മൗറീന്യോക്ക് ചെല്‍സി വിടേണ്ടിവന്നത്.
കളിയില്‍ ആധിപത്യം പുലര്‍ത്തിയ ഇന്റര്‍ മൂന്ന് സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കിയതിനുശേഷമാണ് ഏറ്റൂവിന്റെ 78-ാം മിനിറ്റ് ഗോളില്‍ ജയം ഉറപ്പിച്ചത്. വെസ്‌ലി സ്‌നൈഡറുടെ അളന്ന് തൂക്കിയ പാസിലായിരുന്നു കാമറൂണ്‍ താരത്തിന്റെ ഗോള്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാല് തവണ സെമിയില്‍ കടന്ന ചെല്‍സി സ്വന്തം തട്ടകത്തില്‍ നാലു വര്‍ഷം മുമ്പാണ് ചാമ്പ്യന്‍സ് ലീഗ് മത്സരം തോറ്റത്. ചെല്‍സിക്കെതിരെ കൃത്യമായ തന്ത്രങ്ങളുമായാണ് മൗറീന്യോ ടീമിനെ ഇറക്കിയത്.
ആദ്യപാദത്തിലെ മുന്‍തൂക്കത്തില്‍ കടിച്ചുതൂങ്ങാതെ ആക്രമിച്ച് തന്നെ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ കളിച്ചു. എറ്റൂ, ഡീഗൊ മിലിറ്റൊ, ഗൊരാന്‍ പണ്ടേവ് എന്നീ മൂന്ന് സ്‌ട്രൈക്കര്‍മാരെ അണിനിരത്തിയുള്ള ഇന്ററിന്റെ കളിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ചെല്‍സിക്കായില്ല. കൂടാതെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്കുകളായ ലൂസിമോയും വാള്‍ട്ടര്‍ സാമുവലും അസാമാന്യ മികവിലായിരുന്നു. ചെല്‍സിയാകട്ടെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തീര്‍ത്തും മങ്ങി. ഇഞ്ച്വറി സമയത്ത് ദിദിയര്‍ ദ്രോഗ്ബ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തുപോയത് കാര്‍ലൊ ആന്‍സലോട്ടിയുടെ ടീമിന് മറ്റൊരു നാണക്കേടായി.
ജപ്പാന്‍താരം കെയ്‌സുകി ഹോണ്ടയുടെ 55-ാം മിനിറ്റ് ഗോളാണ് സെവിയയ്‌ക്കെതിരെ റഷ്യന്‍ ടീം സി.എസ്.കെ.എ.ക്ക് ജയമൊരുക്കിയത്. തൊമസ് നെസിഡ് 39-ാം മിനിറ്റില്‍ സി.എസ്.കെ.എ. യെ മുന്നിലെത്തിച്ചിരുന്നെങ്കിലും ആതിഥേയര്‍ രണ്ട് മിനിറ്റിനകം ഡീഗൊ പെറോട്ടിയുടെ ഗോളില്‍ ആതിഥേയര്‍ സമനില നേടിയിരുന്നു. മൂന്നാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സ്‌ട്രൈക്കര്‍ ലൂയിസ് ഫാബിയാനോ തുലച്ചതിന് സ്പാനിഷ് ടീമിന് വന്‍ വില നല്‍കേണ്ടിവന്നു. 17 വര്‍ഷത്തിനുശേഷമാണ് സി.എസ്.കെ.എ. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ കളിക്കുന്നത്.