മലയാള സിനിമയിലെ പ്രമാണി മമ്മൂക്കയല്ലേയെന്നു ചോദിച്ചാല്‍ ...?

ഉത്തരം യേസ് ഓര്‍ നോ എന്നു മാത്രം പറഞ്ഞാല്‍ മതി.. കൊച്ചിയില്‍ ക്ലബ്ബ് എഫ്.എമ്മിന്റെ സ്‌ററുഡിയോ. മുഖത്തു വിരിഞ്ഞ ചിരി മായ്ക്കാതെ മമ്മൂട്ടി പറഞ്ഞു. ' യേസ്‌നോ..' . എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേര്‍ത്തു. ' ഇതിന്റെ മലയാളം ട്രാന്‍സ്ലേഷന്‍ എന്താണെന്നു നോക്കൂ...അതേയല്ലേ....എന്നല്ലേ...' തമാശകളും കുറിക്കു കൊള്ളുന്ന ഡയലോഗുകളുമായി തകര്‍പ്പന്‍ ഫോമിലായിരുന്നു മമ്മൂട്ടി.
പോക്കിരിരാജയുടെ സെററില്‍ നിന്നു രാത്രി എട്ടരയോടെയാണു മെഗാസ്‌ററാര്‍ എറണാകുളത്ത് കലൂരിലെ ക്ലബ്ബ് എഫ്.എമ്മിലേക്കെത്തിയത്. പുതിയ ചിത്രമായ 'പ്രമാണി 'യുടെ ഓഡിയോ റിലീസായിരുന്നു ചടങ്ങ്. തുടര്‍ന്ന് പ്രമാണിയുടെ വിശേഷങ്ങളും അദ്ദേഹം ശ്രോതാക്കളുമായി പങ്കുവെച്ചു.മാര്‍ച്ച് 26 നാണ് കേരളത്തില്‍ പ്രമാണിയുടെ 'ഭരണം' തുടങ്ങുന്നത്.
പ്രമാണി എന്നാലെന്താണ്...?
ഉത്തരം ഇത്തിരി നീളും എന്ന മുഖവുരയോടെ മമ്മൂക്ക തുടങ്ങി. ' നാട്ടിലെ ഒരു പ്രധാനി എന്നര്‍ഥമുണ്ട്, സ്വന്തമായി പ്രമാണങ്ങളൊരുപാട് കയ്യിലുള്ളവന്‍ ( വസ്തു ആധാരങ്ങള്‍) എന്നും പറയാം. തെളിവ് എന്നര്‍ഥം വരും. സ്വന്തമായ വിശ്വാസപ്രമാണങ്ങളും തത്ത്വശാസ്ത്രങ്ങളും അഭിപ്രായങ്ങളും ഉള്ളവന്‍ എന്നും പറയാം.
താഴെകീഴ്പ്പാടം ഗ്രാമപഞ്ചായത്തിലെ ഉഗ്രപ്രതാപശാലിയായ പ്രസിഡന്റാണ് വിശ്വനാഥപ്പണിക്കര്‍. ഈ പണിക്കരാണു കഥയിലെ പ്രമാണി. 15 വര്‍ഷത്തിലേറെയായി താഴെകീഴ്പ്പാടം ഭരിച്ചു മുടിക്കുന്ന അഴിമതിക്കാരന്‍ പ്രസിഡന്റായാണു മമ്മൂട്ടി ചിത്രത്തില്‍ നിറയുന്നത്. ' എന്റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് വേഷം , അതും ഒരു പ്രതിനായക പരിവേഷമുള്ള കഥാപാത്രം..' പ്രമാണിയെക്കുറിച്ചു മമ്മൂട്ടി പറയുന്നു.
എല്ലാത്തരം കൗശലങ്ങളും തട്ടിപ്പും തരികിടയുമൊക്കെയുള്ള വിശ്വനാഥപ്പണിക്കര്‍ ആരെ ദ്രോഹിക്കാനാണോ തീരുമാനിച്ചത് അവരെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നിടത്താണ് പ്രമാണിയുടെ ട്വിസ്‌ററ്. തിന്മയില്‍ നന്മയിലേക്കുള്ള തിരിച്ചുനടത്തം.കൃഷിയും പച്ചപ്പും നാട്ടുജീവിതങ്ങളും ഒക്കെ നിറഞ്ഞ തനി കേരളീയ നാടന്‍ സമകാലിക ഗ്രാമമാണു ഈ പ്രമാണിക്കു പശ്ചാത്തലമൊരുക്കുന്നതും.
ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണോ പ്രമാണി..?
ഫാമിലി ചിത്രമാണ്, ആക്ഷനും ഉണ്ട് , പക്ഷേ പാക്ക് ചെയ്തിട്ടില്ല. മമ്മൂട്ടിയുടെ മറുപടി. സൂര്യ സിനിമയുടെ ബാനറില്‍ ബി.സി.ജോഷി നിര്‍മ്മിച്ച 'പ്രമാണി' സംവിധാനം ചെയ്തിരിക്കുന്നത് ബി.ഉണ്ണികൃഷ്ണനാണ്. ഇതേ ബാനറിന്‍ കീഴില്‍ മോഹന്‍ലാലിനെ വെച്ച് മാടമ്പിയും തുടര്‍ന്ന് കേരളകഫേയിലെ അവിരാമവും ചെയ്ത ശേഷമാണ് ഉണ്ണികൃഷ്ണന്‍ 'പ്രമാണി' യിലേക്കെത്തിയത്. മാതൃഭൂമി മ്യൂസിക്കാണ് പ്രമാണിയിലെ ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. രണ്ടു ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയും ഒരെണ്ണം എം.ഡി.രാജേന്ദ്രനും രചിച്ചു . ഈണം പകര്‍ന്നത് എം.ജയചന്ദ്രന്‍.