ഇന്ന് റോയല്‍ പോരാട്ടം

Posted on: 18 Mar 2010



ഐ.പി.എല്ലിലെ രണ്ട് റോയല്‍ ടീമുകളുടെ പോരാട്ടമാണ് വ്യാഴാഴ്ച. ഉദ്ഘാടനസീസണിലെ ചാമ്പ്യന്മാരുടെ ഇത്തവണത്തെ സാധ്യതകള്‍ ഏറെക്കുറെ വെളിപ്പെടുന്ന മത്സരം കൂടിയാകും ഇത്. വളരെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ടീമുകളെ മറികടന്നാണ് രാജസ്ഥാന്‍ റോയല്‍സ് ആദ്യസീസണില്‍ ചാമ്പ്യന്മാരായത്. ഏറ്റവും ചെലവുകുറഞ്ഞ ടീമാണവരുടേത്. അവരുടെ ഏറ്റവും ചെലവേറിയ താരത്തിന് മുടക്കിയ തുക മറ്റ് ടീമുകളിലെ ഐക്കണ്‍താരത്തിന് കൊടുത്തത്തിന്റെ പാതിപോലും വരില്ല. ഷെയ്ന്‍ വോണൊഴികെ പേരെടുത്ത വലിയ താരങ്ങളുമില്ലാത്തതിനാല്‍ പ്രതീക്ഷകളും കുറവായിരുന്നു. താരങ്ങള്‍ക്ക് പേടിയും സമ്മര്‍ദവുമില്ലാതെ കളിക്കാനും കളിക്കളത്തില്‍ എന്തും ചെയ്യാനുമുള്ള അവസരം ലഭിച്ചതാണ് രാജസ്ഥാനെ ആദ്യസീസണില്‍ ചാമ്പ്യന്മാരാക്കിയത്.
പ്രതീക്ഷകള്‍ നിലനിര്‍ത്തുകയെന്ന സമ്മര്‍ദമാകും ഓരോ ടീമിന്റെയും ഭാവി നിര്‍ണയിക്കുകയെന്ന് ഞാന്‍ കരുതുന്നു. തുടരെ രണ്ടു കളികള്‍ ജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. എന്നാല്‍, അവരുടെ മേലുള്ള സമ്മര്‍ദവും അതോടെ ഏറി. ഈഡന്‍ ഗാര്‍ഡനില്‍ കളിക്കുമ്പോഴത്തെ സമ്മര്‍ദത്തോളം വലുതായി മറ്റൊന്നില്ല. മുന്നില്‍നിന്ന് പടനയിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോനി അവരുടെ കഥകഴിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മെല്ലെ തുടങ്ങുകയും പതുക്കെ നിയന്ത്രണം സ്വന്തമാക്കി പിന്നീട് വമ്പനടികളിലൂടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയും ചെയ്ത ധോനി ടീമിന് മൊത്തം ഊര്‍ജം സമ്മാനിച്ചു. മികച്ചൊരു തുടക്കം വേണ്ടിയിരുന്ന നൈറ്റ് റൈഡേഴ്‌സിന് അതു സാധിച്ചില്ലെന്ന് മാത്രമല്ല, വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുകയുംചെയ്തു.
പിച്ചിനോടും സാഹചര്യങ്ങളോടും ഇണങ്ങുന്നതുവരെ കാത്തുനില്‍ക്കാന്‍ ക്ഷമകാണിക്കുന്ന ബാറ്റ്‌സ്മാന്മാര്‍ക്ക് കുട്ടിക്രിക്കറ്റിലും പിടിച്ചുനില്‍ക്കാനാവുമെന്നാണ് ധോനിയും കാലിസും ഗംഭീറും തെളിയിക്കുന്നത്. നെറ്റ്‌സില്‍ കളിക്കുമ്പോള്‍പ്പോലും നേരെ അടിച്ചുതുടങ്ങാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍, യൂസഫ് പഠാനും വീരേന്ദര്‍ സെവാഗും ഇവിടെയും വ്യത്യസ്തരാണ്. ആദ്യ പന്ത് സിക്‌സറിനു പറത്താന്‍ ഇവര്‍ക്ക് യാതൊരു മടിയും തോന്നാറില്ല. എന്നാല്‍ എല്ലാ മത്സരത്തിലും അവര്‍ക്കിതാവുന്നില്ലെന്നതു ശ്രദ്ധിക്കണം. മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ യൂസഫ് തൊട്ടടുത്ത മത്സരത്തില്‍ പൂജ്യത്തിനു പുറത്തായെന്നോര്‍ക്കണം. അതാണ് ക്രിക്കറ്റ്.
ഉന്നതനിലവാരത്തിലുള്ള ടെസ്റ്റ് താരത്തിന് കുട്ടിക്രിക്കറ്റിലേക്ക് എത്ര പെട്ടെന്നു മാറാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പഞ്ചാബ് കിങ്‌സിനുമേല്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വിജയം. കാലിസിന്റെ ഇന്നിങ്‌സും മനീഷ് പാണ്ഡെക്കൊപ്പം നല്‍കിയ തുടക്കവും ബാംഗ്ലൂരിന് വിജയത്തിനാവശ്യമായ അടിത്തറ നല്‍കി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/