ദുബായ് അന്തര്‍ദേശീയ സമാധാന സമ്മേളനം ഇന്നു തുടങ്ങും

Posted on: 18 Mar 2010


എന്‍. വിജയ്‌മോഹന്‍



ദുബായ്: അന്തര്‍ദേശീയ സമാധാന സമ്മേളനവും പ്രദര്‍ശനവും വ്യാഴാഴ്ച തുടങ്ങും. 2,50,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനിലാണ് സമ്മേളനവും പ്രദര്‍ശനവും ആരംഭിക്കുകയെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈബാനി ദുബായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടി മൂന്നു ദിവസം നീണ്ടുനില്‍ക്കും. വ്യാഴാഴ്ച വൈകിട്ട് 6.30-നു ദുബായ് ഗവണ്മെന്റ് പ്രതിനിധി സമാധാനസമ്മേളനം ഉദ്ഘാടനം ചെയ്യും. മസ്ജിദുല്‍ ഹറം ഇമാം ശൈഖ് അബ്ദുറഹിമാന്‍ അല്‍സുദൈസ് മുഖ്യാതിഥിയായിരിക്കും. സാല്‍വേഷന്‍ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് ഔപചാരികമായി തുറന്നു കൊടുക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പ്രവേശനകവാടമാണ് ഒരുക്കിയിട്ടുള്ളത്. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് സമാധാനസമ്മേളനത്തിന്റെ രക്ഷാകര്‍തൃത്വം വഹിക്കുന്നത്. ദുബായ് ഗവണ്മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സിന്റെ മുഖ്യ പങ്കാളിത്തത്തോടെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ഈ പരിപാടിയുടെ സംഘാടകര്‍.

ലോകസമാധാനം മുഖ്യപ്രമേയമാക്കി നടത്തുന്ന കണ്‍വെന്‍ഷനില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തിലധികം പണ്ഡിതരും ചിന്തകരും പ്രഭാഷണം നടത്തും. പ്രേക്ഷകരുമായി സ്‌നേഹസംവാദം നടത്താനും സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. റോഡ് ഷോ, അവേര്‍നെസ് കാമ്പയിന്‍, മാസ് മെസേജടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രചാരണപ്രവര്‍ത്തനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന സാല്‍വേഷന്‍ പ്രദര്‍ശനം ശനിയാഴ്ച രാത്രി 12-നു സമാപിക്കും.

ദുബായ് ഔഖാഫും അല്‍ മനാര്‍ ഖുര്‍ആന്‍ സെന്ററുമാണ് പരിപാടി ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അല്‍മനാര്‍ സെന്റര്‍ ചെയര്‍മാന്‍ എ.പി. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, വൈസ് ചെയര്‍മാന്‍ എ.പി. അബ്ദുസ്സമദ്, ഔഖാഫ് മതകാര്യ വിഭാഗം തലവന്‍ മുഹമ്മദ് ശുഐബി, സാല്‍വേഷന്‍ എക്‌സിബിഷന്‍ മേധാവി എം.എം. അക്ബര്‍, അല്‍ മനാര്‍ സെന്റര്‍ ഡയരക്ടര്‍ അബ്ദുസ്സലാം മോങ്ങം എന്നിവരും സംബന്ധിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/