കടുവയുടെയും പുലിയുടെയും തോലുമായി എസ്.പി. ഓഫീസ് മുന്‍ജീവനക്കാരനുംസഹായിയും അറസ്റ്റില്‍

Posted on: 18 Mar 2010



ആര്യങ്കാവ്:കടുവയുടെയും പുലിയുടെയും ലക്ഷങ്ങള്‍ വിലമതിക്കുന്ന തോലുമായി കൊല്ലം എസ്.പി. ഓഫീസിലെ മുന്‍ജീവനക്കാരനടക്കം രണ്ടുപേരെ വനപാലകര്‍ ആര്യങ്കാവില്‍ അറസ്റ്റ് ചെയ്തു.

എസ്.പി. ഓഫീസില്‍നിന്ന് 2008-ല്‍ യു.ഡി.ക്ലര്‍ക്കായി വിരമിച്ച പുത്തൂര്‍ തേവലപ്പുറം തോട്ടത്തില്‍ വീട്ടില്‍ ശിവശങ്കരന്‍ (57), കൊല്ലത്തെ മൊബൈല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് കച്ചവടക്കാരന്‍ ജോനകപ്പുറം പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദ്(53) എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ കുറ്റാലത്തുനിന്ന് കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് വഴി ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന തോലുകള്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുവച്ച് വൈകിട്ട് 4.40 നാണ് പിടികൂടിയത്.

കുറ്റാലം സ്വദേശി സുന്ദരനില്‍ നിന്നാണ് ഇവ വാങ്ങിയതെന്ന് പിടിയിലായവര്‍ വനപാലകരോട് പറഞ്ഞു. മൊബൈല്‍ ഫോണുകളും മറ്റുചില രേഖകളും ഇവരില്‍നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അഞ്ചുവര്‍ഷം പഴക്കമുണ്ട് കടുവാത്തോലിന്. 650 ഗ്രാം തൂക്കവും 115 സെന്റിമീറ്റര്‍ നീളവും ഉണ്ട്. വാലിന്റെ കുറേഭാഗം മുറിഞ്ഞുപോയ നിലയിലാണ്. അഞ്ചു വയസ്സുള്ള കടുവയുടെ തോലാണിതെന്ന് കണക്കാക്കുന്നു.

പുലിത്തോലിന് രണ്ടുവര്‍ഷം പഴക്കമുണ്ട്. 750 ഗ്രാം ഭാരവും ഒന്നരമീറ്റര്‍ നീളവും ഉണ്ട്. നാല് വയസ്സുള്ള പുലിയുടെ തോലാണിതെന്ന് കണക്കാക്കുന്നു. തോലില്‍ വെടിയുണ്ട ഏറ്റതിന്റെ അടയാളവുമുണ്ട്. കൊല്ലത്തെ കൊട്ടിയത്ത് വില്പനയ്ക്കായാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു. കുറ്റാലത്തോടുചേര്‍ന്ന കേരളത്തിലെ ചെന്തുരുണി വന്യജീവിസങ്കേതത്തില്‍ കടുവയും പുലികളും ധാരാളമുണ്ട്. ഇവിടെനിന്ന് വേട്ടയാടിയവയുടെ തോലാണോ ഇതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. 2006-ലെ സെന്‍സസ് പ്രകാരം 46 കടുവകള്‍ മാത്രമാണുള്ളത്. പിടിയിലായ സംഘം മുമ്പും ഇതുവഴി തോലുകള്‍ കടത്തിയതായി വനപാലകര്‍ സംശയിക്കുന്നു.

ഷാഹുല്‍ ഹമീദിന്റെ ഭാര്യവീട് കുറ്റാലത്താണ്. പ്രതികളെ വ്യാഴാഴ്ച പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ബിജുവര്‍ഗ്ഗീസ്, റേഞ്ച് ഓഫീസര്‍ അജിത്ത്, ഇന്റലിജന്‍സ് റേഞ്ച് ഓഫീസര്‍ സലാഹുദ്ദീന്‍, ആര്യങ്കാവ് റേഞ്ച് ഓഫീസര്‍ ഷാജി ദേവസ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന് ഇടപ്പാളയത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പുലിത്തോലുമായി കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേരെ വനപാലകര്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് തോല്‍ നല്‍കിയ തമിഴ്‌നാട് സ്വദേശിയെ ഇനിയും പിടികൂടിയിട്ടില്ല.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/