ക്യാമറ കണ്‍തുറക്കുന്നു; ക്രിക്കറ്റിന് അപ്പുറത്തെ കാഴ്ചകളിലേക്ക്...

Posted on: 18 Mar 2010


പി. സുനില്‍കുമാര്‍




ബാംഗ്ലൂര്‍: ''ടീമില്‍ ഞാന്‍ തുടരുന്നിടത്തോളം നിങ്ങള്‍ക്ക് സ്വകാര്യത എന്നൊന്നില്ല'' ടെസ്റ്റ് പരമ്പരകളില്‍ വിക്കറ്റ് കൊയ്ത്ത് നടത്തിയ അനില്‍ കുംബ്ലെ ഒരിക്കല്‍ ടീമംഗങ്ങളോട് പറഞ്ഞു. ക്രിക്കറ്റ് പരമ്പരകളുടെ ചൂടിന് അവധി നല്‍കി താരങ്ങള്‍ സ്വകാര്യ ജീവിതം ആസ്വദിക്കുമ്പോള്‍ കുംബ്ലെയുടെ ക്യാമറക്കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. ക്രിക്കറ്റിനപ്പുറം താരങ്ങളുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ആയിരത്തിലധികം ഫോട്ടോകളുടെ സമാഹാരമായ 'വൈഡ് ആംഗിള്‍' ബുധനാഴ്ച ബാംഗ്ലൂരില്‍ പ്രകാശനം ചെയ്തു.

''തിരക്കിനിടയില്‍ അമൂല്യമായ ജീവിതനിമിഷങ്ങള്‍ പലപ്പോഴും ഞങ്ങള്‍ക്ക് നഷ്ടപ്പെടും. വല്ലപ്പോഴും വീണു കിട്ടുന്ന നിമിഷങ്ങള്‍ ഫോട്ടോകളിലൂടെ സൂക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതചിത്രവും അനുഭവങ്ങളുമാണ് ഇത്'' -ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒരു ഇന്നിങ്ങ്‌സില്‍ പത്ത് വിക്കറ്റ് എടുത്ത ഇന്ത്യക്കാരനെന്ന ബഹുമതി നേടിയ അനില്‍ കുംബ്ലെ സ്വന്തം ഫോട്ടോ സമാഹാരത്തെപ്പറ്റി പറയുന്നു.

അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ വീണുകിട്ടുന്ന ഒഴിവ് സമയങ്ങളില്‍ കുംബ്ലെ ക്യാമറയുമായി ഇറങ്ങും. ടീമംഗങ്ങളുമൊത്തുള്ള ആനന്ദവേളയില്‍ സന്തോഷം പകരുന്ന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും.

വിനോദയാത്രയ്ക്ക് അവസരമൊരങ്ങുമ്പോള്‍ ഫോട്ടോ എടുക്കാന്‍ സഹായിയായി സഹോദരന്‍ സതീഷും കൂടെയുണ്ടാകും. ഇതിലൂടെ ലഭിച്ചത് അപൂര്‍വമായ ഒട്ടനേകം നിമിഷദൃശ്യങ്ങള്‍.

സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലെ സ്റ്റേഡിയം കുംബ്ലെക്ക് മറക്കാന്‍ കഴിയില്ല. ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി അഞ്ച് വിക്കറ്റ് കൊയെ്തടുക്കുന്നത് അവിടെനിന്നാണ്. ''സൗത്ത് കുംബ്ലെയുടെ ജീവിതത്തിലെ ഓരോ കാലഘട്ടവും ഫോട്ടോകളിലൂടെ വിവരിക്കാനുള്ള ശ്രമംകൂടി സമാഹാരത്തിലുണ്ട്.

''ഞാനൊരു എഴുത്തുകാരനല്ല. അനുഭവങ്ങള്‍ എഴുതാന്‍ എനിക്കറിയില്ല. അതിനാലാണ് ഫോട്ടോകളുടെ ഒരു പുസ്തകം എന്ന ആശയം മനസ്സില്‍ ഉദിച്ചത്''-ഐ.പി.എല്‍. മത്സരത്തിനെത്തിയ അനില്‍കുംബ്ലെ പറഞ്ഞു.

റോയല്‍ ചാലഞ്ചേഴ്‌സ് ടീം ക്യാപ്റ്റനായ അനില്‍കുംബ്ലെയുടെ 'വൈഡ് ആംഗിള്‍' പ്രകാശനം ചെയ്തത് പ്രമുഖ ഓസ്‌ട്രേലിയന്‍ താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ ഷെയ്ന്‍വോണ്‍ ആണ്.

''ധീരമായ കാല്‍വെപ്പാണിത്. ക്രിക്കറ്റ് ജീവിതത്തിലെ അപൂര്‍വനിമിഷങ്ങള്‍ വീണ്ടും താലോലിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്''- ഷെയ്ന്‍വോണ്‍ പറഞ്ഞു.

വന്യമൃഗങ്ങളുടെ അപൂര്‍വ ചിത്രങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റിലും ജീവിതത്തിലുമുണ്ടായ വളര്‍ച്ച ഘട്ടംഘട്ടമായി തിരിച്ചാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അപൂര്‍വ നേട്ടങ്ങളും സന്തോഷനിമിഷങ്ങളും ഉള്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള ഒരു ചരിത്രംതന്നെയായി 'വൈഡ് ആംഗിള്‍' മാറി.
ക്രിക്കറ്റ് അപൂര്‍വ നേട്ടങ്ങളുടെ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 35-ാമത്തെ സെഞ്ച്വറി നേടിയ നിമിഷത്തെ ചിത്രമാണെന്ന് കുംബ്ലെ പറഞ്ഞു.
അനില്‍കുംബ്ലെ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിനകത്തും പുറത്തും നടത്തിയ യാത്രകളില്‍ എടുത്ത ചിത്രങ്ങള്‍ ക്രമമനുസരിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂരിലെ ഐ.ടി.സി. ഗാര്‍ഡിനിയ ഹോട്ടലില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. റോയല്‍ ചാലഞ്ചേഴ്‌സ് ചെയര്‍മാന്‍ സിദ്ധാര്‍ഥ് മല്ലയ്യ, കാനന്‍ഇന്ത്യ വൈസ് പ്രസിഡന്റ് അലോക് ഭരദ്വാജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/