ശ്രീ കുരുംബക്കാവ് ചെമ്പട്ടണിഞ്ഞു; ഇന്ന് രേവതിവിളക്ക് തെളിയും

Posted on: 18 Mar 2010





കൊടുങ്ങല്ലൂര്‍: ചെമ്പട്ടണിഞ്ഞ കുരുംബക്കാവ് രൗദ്രഭാവം പൂണ്ടു. വ്യാഴാഴ്ച രേവതിവിളക്കുകള്‍ തെളിയും. പ്രസിദ്ധവും പവിത്രവുമായ തൃച്ചന്ദനച്ചാര്‍ത്ത് പൂജയും അശ്വതി കാവുതീണ്ടലും വെള്ളിയാഴ്ച നടക്കും.

ചെമ്പട്ട് ഉടയാടകള്‍ വാരിച്ചുറ്റി പള്ളിവാളും കാല്‍ച്ചിലമ്പുകളുമണിഞ്ഞ് മുളംതണ്ടിന്റെ താളത്തില്‍ ആയിരക്കണക്കിന് കോമരക്കൂട്ടങ്ങളാണ് ശ്രീകുരുംബക്കാവിലേക്ക് ഇരച്ചുകയറുന്നത്. ഉറഞ്ഞ്തുള്ളി ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് അവകാശത്തറകളില്‍ തമ്പടിച്ച കോമരക്കൂട്ടങ്ങളുടെ അരമണിനാദം ശ്രീ കുരുംബക്കാവിനെ മുഖരിതമാക്കും.

രേവതി നാളായ വ്യാഴാഴ്ച ത്രിസന്ധ്യയില്‍ രേവതിവിളക്കുകള്‍ തെളിയും. കാളി-ദാരിക യുദ്ധത്തില്‍ ദാരികനെ വധിച്ച് ഭഗവതി വിജയം വരിച്ചതിന്റെ സൂചനയായാണ് രേവതിവിളക്കുകള്‍ തെളിയുക. ഇതോടെ ശ്രീകുരുംബക്കാവും പരിസരപ്രദേശങ്ങളും ഭരണിയുടെ പാരമ്യത്തിലമരും. വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ തൃച്ചന്ദനച്ചാര്‍ത്ത് പൂജയും അശ്വതി കാവുതീണ്ടലും.

തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ക്കു മുമ്പ് വലിയതമ്പുരാന്‍ ഗോദവര്‍മ്മരാജ രാവിലെ 11 മണിയോടെ രാജപ്പല്ലക്കിലേറി ക്ഷേത്രത്തിന്റെ ബലിക്കല്‍പ്പുരയില്‍ എഴുന്നള്ളും. പന്ത്രണ്ട് മണിയോടെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ ആരംഭിക്കും.

തലമുറകള്‍ കൈമാറിക്കിട്ടിയ അവകാശമനുസരിച്ച് കുന്നത്ത് മഠത്തില്‍ നാരായണനുണ്ണി അടികള്‍, നീലത്ത്മഠത്തില്‍ പ്രദീപ്കുമാര്‍ അടികള്‍, മഠത്തില്‍ മഠം രവീന്ദ്രനാഥന്‍ അടികള്‍ എന്നിവര്‍ ചേര്‍ന്നാണ് തൃച്ചന്ദനച്ചാര്‍ത്ത് പൂജ നടത്തുക. വലിയ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയശേഷം ഇവര്‍ ശ്രീകോവിലില്‍ പ്രവേശിക്കും. ഈ സമയം വലിയ തമ്പുരാനും ക്ഷേത്രം തന്ത്രിയും പരിവാരങ്ങളുമല്ലാതെ മറ്റാരും ക്ഷേത്രത്തിനകത്ത് ഉണ്ടാകാന്‍ പാടില്ല. ശ്രീകോവിലില്‍ പ്രവേശിക്കുന്ന അടികള്‍മാര്‍ ഭഗവതിയുടെ ഉടയാഭരണങ്ങള്‍ അഴിച്ചുമാറ്റി ക്ഷേത്രം കഴുകി വൃത്തിയാക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന തൃച്ചന്ദനം ചാര്‍ത്ത് നടക്കും. 7.30 വരെ നീണ്ടുനില്‍ക്കുന്ന പൂജകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന അടികള്‍മാര്‍ക്കും ക്ഷേത്രം തന്ത്രിക്കും തമ്പുരാന്‍ അവകാശദണ്ഡുകള്‍ നല്കും. തുടര്‍ന്ന് കിഴക്കേനടയിലൂടെ പുറത്തിറങ്ങുന്ന തമ്പുരാനും പരിവാരങ്ങളും കിഴക്കേനടയിലെ നിലപാടുതറയില്‍ എഴുന്നള്ളും. തുടര്‍ന്ന് കാവുതീണ്ടാന്‍ അനുമതി നല്കുന്നതോടെ കോയ്മ ചുവന്ന പട്ടുകുട നിവര്‍ത്തിക്കാണിക്കും. ഇതോടെ ആല്‍ത്തറകളിലും മറ്റുമായി കാത്തുനില്‍ക്കുന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും ഇരമ്പിയാര്‍ത്ത് ക്ഷേത്രത്തിന് ചുറ്റും ഓടി കാവുതീണ്ടും. ഭഗവതിക്ക് ചികിത്സ വിധിക്കുന്ന പാലയ്ക്കല്‍ വേലനാണ് പടിഞ്ഞാറെ നടയില്‍ ആദ്യം കാവുതീണ്ടുക.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/