സൂര്യാതപം: രണ്ടരവയസ്സുകാരന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പൊള്ളലേറ്റു

Posted on: 18 Mar 2010



കൊല്ലം:ചൂട് കടുത്തതോടെ കൊല്ലം ജില്ലയില്‍ രണ്ടരവയസ്സുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് സൂര്യാതപത്താല്‍ പൊള്ളലേറ്റു.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കുന്നേല്‍ തെക്കതില്‍ ഷെഫിയുടെയും ഹസീനയുടെയും മകന്‍ റിഹാന്‍(രണ്ടര), കരുനാഗപ്പള്ളി നമ്പരുവികാല നീലികുളത്ത് കിഴക്കതില്‍ സിറാജുദീന്‍(40), തൊടിയൂര്‍ കല്ലേലിഭാഗം പോണാല്‍ വടക്കതില്‍ ഷുഹൈബ് (30), കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി സ്വദേശികളായ പുത്തന്‍പറമ്പില്‍ വീട്ടില്‍ ജോര്‍ജ്ജ് (65), കുഴിമണ്ണില്‍ ഹൗസില്‍ ജോര്‍ജ്ജ് കുട്ടി(51), പുനലൂര്‍, ആര്‍ച്ചല്‍ സ്വദേശിനി അനിത(30) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ റിഹാന്റെ കഴുത്തിലും പുറത്തും ചുവന്നു തടിക്കുകയും ചെറിയ രീതിയില്‍ പൊള്ളലേല്‍ക്കുകയുമായിരുന്നു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സതേടി.

കൂലിപ്പണിക്കാരനായ സിറാജുദ്ദീന്റെ മുതുകത്തും തോള്‍ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇവിടത്തെ തൊലി ഇളകി മാറി. പുകച്ചിലും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം പുകച്ചില്‍ അനുഭവപ്പെട്ടെങ്കിലും ബുധനാഴ്ച രാവിലെയാണ് തൊലി അടര്‍ന്നുമാറാന്‍ തുടങ്ങിയത്. കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സ തേടി.

ഓട്ടോ ഡ്രൈവറായ ഷുഹൈബിന്റെയും മുതുകത്താണ് പൊള്ളല്‍. ചെറിയ പാടുകളുണ്ട്. പുകച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയിലെത്തിയത്. ചികിത്സയ്ക്കും നിരീക്ഷണത്തിനുംശേഷം സിറാജുദ്ദീനും ഷുഹൈബും ആസ്​പത്രി വിട്ടു. കുളത്തൂപ്പുഴയില്‍ വെയിലത്ത് നടന്നതിനെ തുടര്‍ന്നാണ് ജോര്‍ജ്ജിനും ജോര്‍ജ്ജ് കുട്ടിക്കും പൊള്ളലേറ്റത്. ഉച്ചയ്ക്ക് 12ന് വെയിലേറ്റ ഇരുവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അടുത്തദിവസം തൊലിപ്പുറത്ത് തടിപ്പും കുമിളയുമുണ്ടായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. സൂര്യപ്രകാശം ഏറ്റതുമൂലമുള്ള അലര്‍ജിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് ഇവരെ ചികിത്സിച്ച കുളത്തൂപ്പുഴ സ്വകാര്യ ആസ്​പത്രിയിലെ ഡോ. രാജേഷ് ജോര്‍ജ്ജ് മാത്യു പറഞ്ഞു. നേരിട്ടുള്ള സൂര്യാതപമാണോ കാരണമെന്ന് വിശദമായ പരിശോധനയിലൂടെയേ അറിയാന്‍ കഴിയൂ എന്നും ഡോക്ടര്‍ പറഞ്ഞു.

ജോര്‍ജ്ജിന്റെ കഴുത്തിലും നെഞ്ചിലുമാണ് പൊള്ളല്‍. ജോര്‍ജ്ജ് കുട്ടിയുടെ വലതുകൈയ്ക്കാണ് പൊള്ളല്‍.
കരവാളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെട്ട ആര്‍ച്ചലില്‍ വെയിലത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അനിതയ്ക്ക് പൊള്ളലേറ്റത്. മുതുകില്‍, കഴുത്തിനു താഴെയായി കുമിളകള്‍ പൊന്തുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കരവാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. വെയിലേറ്റതിനെ തുടര്‍ന്നാണ് പൊള്ളലെന്നും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതു കാരണമാണ് പനിയും അസ്വസ്ഥതകളും അനുഭവപ്പെട്ടതെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാഹിര്‍ ഷാ അറിയിച്ചു.
വെയിലത്ത് ഏറെനേരം നിരന്തരം അധ്വാനിക്കുകയും വെള്ളമോ ആഹാരമോ കഴിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്താലാണ് അസ്വസ്ഥതകള്‍ ഉണ്ടായതെന്നും ഡോക്ടര്‍ വിശദീകരിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/