കണ്ണൂര്‍: ഒട്ടേറെ തീവ്രവാദക്കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിട നസീറിന് (32) പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ലഷക്‌റിന് വേണ്ടി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചതായും നസീര്‍ സമ്മതിച്ചു. ഇയാളെയും കൂട്ടാളി കണ്ണൂര്‍ സിറ്റി പൗണ്ട്‌വളപ്പില്‍ ഷഫ്‌നാസില്‍ ഷഫാസിനെയും (25) ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ലഷ്‌കര്‍-ഇ-തൊയ്ബ നേതാവും എറണാകുളം പള്ളിക്കര കണിയാട്ടുകുടിയില്‍ സര്‍ഫ്രാസ് നവാസിന്റെ (31) നിര്‍ദേശപ്രകാരമാണ് നസീര്‍ ബാംഗ്ലൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഷ്‌കര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനപരമ്പരകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതില്‍ ലഷക്‌റിന്റെയും ഇന്ത്യന്‍ മുജാഹിദീന്റെയും സഹായത്തോടെയാണെന്നും വ്യക്തമായി.
നസീര്‍ ഉള്‍പ്പെടുന്ന ലഷ്‌കര്‍ സംഘത്തിന്റെ നേതാവായിരുന്നു സര്‍ഫ്രാസ് നവാസ്. നിരോധിത സംഘടനയായ 'സിമി'യുടെ നേതാവുകൂടിയായിരുന്ന സര്‍ഫ്രാസിനെ 'റോ' ഗള്‍ഫില്‍നിന്ന് പിടികൂടി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ റിമാന്‍ഡിലാണ്. തീവ്രവാദ പ്രവര്‍ത്തനത്തിന് മലയാളി യുവാക്കളെ റിക്രൂട്ട്‌ചെയ്ത കേസില്‍ 23-ാം പ്രതിയുമാണിയാള്‍. ബാംഗ്ലൂര്‍ സേ്ഫാടനത്തിന് പണം എത്തിച്ചതും സര്‍ഫ്രാസ് നവാസാണ്. രണ്ടുലക്ഷം രൂപയാണിതിന് നല്‍കിയത്. 50,000 രൂപ യു.എ.ഇ. എക്‌സ്‌ചേഞ്ച് വഴി ഷഫാസിന്റെ അക്കൗണ്ടിലൂടെയും ബാക്കി താണ സ്വദേശി സമീര്‍ മുഖേന ഹവാല ഇടപാടിലൂടെയുമാണ് എത്തിയത്.
'ജിഹാദി'ന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും സേ്ഫാടന പരമ്പര നടത്താനാണ് സര്‍ഫ്രാസ് നവാസും നസീറും കൂടി ആദ്യംതീരുമാനിച്ചത്. പിന്നീട് ദക്ഷിണേന്ത്യയിലെ പ്രമുഖനഗരങ്ങളില്‍ ഒരേസമയം സേ്ഫാടനംനടത്താന്‍ തീരുമാനിച്ചു. ഒടുവില്‍ സര്‍ഫ്രാസിന്റെ നിര്‍ദേശപ്രകാരം ബാംഗ്ലൂര്‍മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. പെരുമ്പാവൂരില്‍നിന്ന് മോഷ്ടിച്ച അമോണിയം നൈട്രേറ്റ് തായാട്ടില്‍ അബ്ദുള്‍ജബ്ബാറാണ് ഗുഡ്‌സ്‌വാനില്‍ രാത്രി കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ ത്വരീഖത്ത് ക്യാമ്പിലെത്തിച്ചത്. എറണാകുളം ജില്ലയിലെ വെടിമറ സ്വദേശി താജുദ്ദീന്റെ പക്കല്‍നിന്ന് മുനീറ മന്‍സിലില്‍ മുജീബ് വാടകയ്‌ക്കെടുത്തതായിരുന്നു വാഹനം.
ബോംബ് നിര്‍മാണത്തിനായി കണ്ണൂരിലെയും ആയിക്കരയിലെയും വെല്‍ഡിങ് ഷോപ്പുകളില്‍നിന്ന് നാലു ഇരുമ്പുപെട്ടികള്‍ നിര്‍മിച്ചു. ഈ പെട്ടികളും ഫായിസിന്റെ വീട്ടിലെത്തിച്ചു. സേ്ഫാടകവസ്തുക്കള്‍ നസീറിന്റെ നിര്‍ദേശപ്രകാരം ജബ്ബാറും ഫായിസും പാപ്പിനിശ്ശേരിയിലെ ഷുഹൈബും ചേര്‍ന്ന് ഘട്ടംഘട്ടമായി ബാംഗ്ലൂര്‍ നഗരപ്രാന്തത്തില്‍ മുജീബ് വാടകയ്‌ക്കെടുത്ത വീട്ടിലെത്തിച്ചു.
നൂറുകിലോഗ്രാമോളം അമോണിയം നൈട്രേറ്റും ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരുമ്പുപെട്ടികളും ബസ്സില്‍ കയറ്റി ബാംഗ്ലൂരിലെത്തിച്ചു. ഇവ ഉപയോഗിച്ചാണ് ബാംഗ്ലൂര്‍ സേ്ഫാടനത്തിനുള്ള ബോംബുകള്‍ നിര്‍മിച്ചതെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. സേ്ഫാടകവസ്തുക്കള്‍ ബാംഗ്ലൂരിലെത്തിച്ചവരില്‍ ജബ്ബാര്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്.
ഫായിസ് കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗള്‍ഫിലേക്ക്കടന്ന ഷുഹൈബിനെ പിടികൂടാനായിട്ടില്ല.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഡിറ്റണേറ്റര്‍ ബോംബ് സ്ഥാപിച്ച കേസിന്റെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നസീറിനെയും ഷഫാസിനെയും മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിലാണ് ചോദ്യംചെയ്യുന്നത്. എസ്.പി. അനൂപ് കുരുവിള ജോണിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.പി.സന്തോഷ്, സി.ഐ.മാരായ പ്രിന്‍സ് എബ്രഹാം, ബി.ഗോപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്.