തൊഴില്‍ പരിശിലനകേന്ദ്രങ്ങളില്‍ റെയ്ഡ്: സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 18 Mar 2010



വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടി



ചാലക്കുടി:ടൗണില്‍ രണ്ട് തൊഴില്‍ പരിശീലനകേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും രേഖകളും മുദ്രകളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ കോഴ്‌സ്, കൊരട്ടിമാത ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവയുടെ ഉടമയായ പോട്ട സ്വദേശീ മേച്ചേരി പോള്‍ (49) ഈസ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാരായി പ്രവര്‍ത്തിക്കുന്ന മേലൂര്‍ എട്ടുവീട്ടില്‍ ബിന്ദു(38), പരിയാരം പോട്ടക്കാരന്‍ ഷാജുവര്‍ഗ്ഗീസ്(38) എന്നിവരാണ് അറസ്റ്റിലായത്.

സ്ഥാപനങ്ങള്‍ക്ക് ട്രെയിനിങ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഏതാനും കോഴ്‌സുകളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചില കോഴ്‌സുകളും നടത്തുവാനുള്ള ലൈസന്‍സുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നല്കുവാന്‍ അവകാശമില്ല. എന്നാല്‍ സ്ഥാപനത്തില്‍ പഠിക്കാത്തവര്‍ക്ക്‌പോലും വന്‍തുക ഈടാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

എന്‍ജിനീയറിങ് കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളും ഇവിടെ നിന്നു നല്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ കോതമംഗലത്തുള്ള ഒരുസ്ഥാപനത്തിന്റെ രജിസ്റ്റര്‍ നമ്പറും ഉപയോഗിച്ചിട്ടുണ്ട്. കൊരട്ടിമാതാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റില്‍ ബിന്ദുവും റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റില്‍ ഷാജുവര്‍ഗ്ഗീസും പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ഒപ്പിട്ടിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഐ.ടി.ഐ. വിദ്യാഭ്യാസയോഗ്യതമാത്രമാണുള്ളതെന്നും പോലീസ് പറഞ്ഞു

സര്‍ട്ടിഫിക്കറ്റുള്‍ക്കു വേണ്ടിയുള്ള 29-ഓളം അപേക്ഷകള്‍ സ്ഥാപനങ്ങളില്‍നിന്ന് കണ്ടെടുത്തു.

ചാലക്കുടി സിഐ കെ.പി.ജോസ്, എസ്‌ഐ കെ.കെ. സജീവ്, എ.എസ്.ഐ. രാജീവന്‍, കോണ്‍സ്റ്റബിള്‍മാരായ അനില്‍കുമാര്‍, അവറാച്ചന്‍, വര്‍ഗ്ഗീസ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/