വിവാഹവിരുന്നില്‍ വിസ്മയം വിടര്‍ത്തി രാഹുലും പ്രിയങ്കയും

Posted on: 18 Mar 2010





തൃശ്ശൂര്‍: ദീപക്കിനും അശ്വതിക്കും മറക്കാനാവാത്ത ദിനമായിരുന്നു അത്. ബുധനാഴ്ചയായിരുന്നു അവരുടെ വിവാഹം. വിരുന്നിനെത്തിയ വിശിഷ്ടാതിഥികളാകട്ടെ, ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സഹോദരങ്ങള്‍- രാഹുല്‍ ഗാന്ധിയും പ്രിയങ്ക വധേരയും. ചടങ്ങുമറന്ന് ആവേശത്താല്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരും പാഞ്ഞെത്തിയ മാധ്യമപ്പടയും കുറേ നേരം പൊതുയോഗത്തിന്റെ പ്രതീതിയുണ്ടാക്കി.

സോണിയാഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ഒല്ലൂര്‍ ചെറുശ്ശേരി പട്ടത്ത്മന മാധവന്‍ ഭട്ടതിരിപ്പാടിന്റെ മകന്‍ ദീപക്കിന്റെയും പെരിന്തല്‍മണ്ണ ആനെല്ലൂര്‍ തെക്കേടത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മകള്‍ അശ്വതിയുടെയും വിവാഹസത്കാരമാണ് തൃശ്ശൂരില്‍ ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളില്‍ നടന്നത്.

27 വര്‍ഷമായി ഗാന്ധികുടുംബത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണ് മാധവന്‍ ഭട്ടതിരിപ്പാട്. ഈ ബന്ധമാണ് രാഹുല്‍-പ്രിയങ്കമാരെ ബുധനാഴ്ച തൃശ്ശൂരില്‍ എത്തിച്ചത്. ആ വരവിനെക്കുറിച്ച് വളരെ അടുപ്പമുള്ളവര്‍ക്കുമാത്രമാണ് അറിവുണ്ടായിരുന്നത്. ഇരുവരും രാവിലെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോഴാണ് കേരള പോലീസിന് വിവരം കിട്ടിയത്.

രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം സ്വകാര്യവാഹനത്തില്‍ സെക്രട്ടറി കനിഷ്‌ക സിങ്ങും എസ്.പി.ജി. ഭടന്മാരുമാണ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ കിഴക്കേ കോട്ടയില്‍ എത്തിയപ്പോള്‍ അല്പം വഴി തെറ്റിയോടി. ഒരു ട്രാഫിക് പോലീസുകാരന്‍ ബൈക്കില്‍ പിന്നാലെയെത്തി വഴികാട്ടി. അപ്പോഴേയ്ക്കും വിവാഹ ഹാളിനുമുന്നില്‍ കൂടുതല്‍ പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വാഹനവുമൊക്കെ എത്തിക്കഴിഞ്ഞു. ചാനല്‍ ഫ്‌ളാഷ് വഴി വിവരമറിഞ്ഞ് ധാരാളം കോണ്‍ഗ്രസ്സുകാരും യൂത്ത് കോണ്‍ഗ്രസ്സുകാരും തടിച്ചുകൂടി. വി.ഐ.പി.കള്‍ സഞ്ചരിക്കുന്ന വാഹനം കണ്ടതോടെ മുദ്രാവാക്യംവിളി തുടങ്ങി. ടൊയോട്ട കാര്‍ നിര്‍ത്തിയതും അതിനെ ഖദര്‍ ധാരികള്‍ പൊതിഞ്ഞു. എസ്.പി.ജി. ഭടന്മാര്‍ വഴിയുണ്ടാക്കാന്‍ തള്ളിമാറ്റുന്നതിനിടെ ടി.സി.വി. ക്യാമറമാന്‍ പ്രശാന്തിന് അടിയേറ്റു.

''ബഹളമുണ്ടാക്കരുത്, ഇതൊരു സ്വകാര്യ ചടങ്ങാണ്'' എന്ന് പ്രവര്‍ത്തകരെ രാഹുല്‍ ശാസിച്ചു. തുടര്‍ന്ന് മുകള്‍ നിലയിലെത്തി. ആളുകള്‍ക്കിടയിലൂടെ ഇരുവരും വിവാഹവേദിയിലേയ്ക്കുനീങ്ങി. ചില മുത്തശ്ശിമാര്‍ക്ക് പ്രിയങ്കയെ തൊടാനും കവിളില്‍ തലോടാനും അവസരം കിട്ടി. അവരെയൊഴികെ എല്ലാവരെയും എസ്.പി.ജി. ഭടന്മാര്‍ തട്ടിനീക്കി. പച്ചസാരിയും ബ്ലൗസുമണിഞ്ഞ പ്രിയങ്കയുടെ ചുണ്ടത്തെ ചിരി മാഞ്ഞതേയില്ല. കുര്‍ത്തധാരിയായ രാഹുല്‍ ഗൗരവം വിട്ടില്ല.

വേദിയിലേയ്ക്ക് രാഹുലും പ്രിയങ്കയും കയറിയതോടെ സുരക്ഷാഭടന്മാര്‍ അല്പം അയഞ്ഞു. അതോടെ പ്രവര്‍ത്തകര്‍ ചുറ്റും കൂടി. പടികയറാന്‍ പോലും മെനക്കെടാതെ ചിലര്‍ ചാടിക്കയറി. ചിലര്‍ പൂവുകളും മറ്റും കയ്യില്‍ പിടിച്ചിരുന്നു. വേദിയിലെ ഉന്തിനും തള്ളിനും ഇടയില്‍നിന്ന് വധൂവരന്മാരെ ആശംസിക്കാന്‍ ഇരുവരും നന്നെ ബുദ്ധിമുട്ടി.

പിന്നീട് രണ്ടാംനിലയിലെ സ്വകാര്യ മുറിയിലേയ്ക്ക് പോയതോടെയാണ് അതിഥികള്‍ക്കും വീട്ടുകാര്‍ക്കും അല്പം സ്വകാര്യത ലഭിച്ചത്. ഇരുവരും വിവാഹസദ്യ കഴിച്ചതും ഇവിടെ വെച്ചാണ്. സദ്യയാണെങ്കിലും 'സ്​പൂണ്‍' തന്നെയായിരുന്നു ആയുധം. 'ശര്‍ക്കരവരട്ടി' രാഹുല്‍ വീണ്ടും ചോദിച്ചുവാങ്ങി കഴിച്ചു. കാളനും പപ്പടവും പാലടപ്രഥമനുമൊക്കെ അടങ്ങുന്ന സദ്യ ഇരുവരും ആസ്വദിച്ചു.

തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ എം. മാധവന്‍കുട്ടി, സി. വിജയന്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍കുട്ടി എന്നിവരാണ് ഈ സമയം അടുത്ത ബന്ധുക്കള്‍ക്കുപുറമെ ഉണ്ടായിരുന്നത്. ദേവസ്വം ഭാരവാഹികള്‍ ഇരുവര്‍ക്കും തൃശ്ശൂര്‍ പൂരം തെക്കോട്ടിറക്കത്തിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ നല്‍കി. ''ഇതു ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്''-എന്നായി പ്രിയങ്ക. മുമ്പ് ഡല്‍ഹിയില്‍ സോണിയാഗാന്ധിക്ക് ഇതേ ചിത്രം സമ്മാനിച്ചത് ദേവസ്വം ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.

പൂരം ചിത്രങ്ങളുമായാണ് ഇരുവരും പടികളിറങ്ങിയത്. കല്യാണച്ചടങ്ങിനെത്തിയവരൊക്കെ കൈകൂപ്പി യാത്രയാക്കി. ഇക്കുറി ഗൗരവം വിട്ട് രാഹുലും പെങ്ങള്‍ക്കൊപ്പം ചിരിച്ചു കൈവീശി. ഉച്ചയ്ക്ക് ഒരുമണിയോടെ വന്ന രാഹുല്‍-പ്രിയങ്കമാര്‍ ഒരു മണിക്കൂറാണ് വിവാഹ ഹാളില്‍ ചെലവഴിച്ചത്.




Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/