പോലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവാവ് ബസ്സിടിച്ച് മരിച്ചു

Posted on: 18 Mar 2010



ചവറ:പോലീസ് പരിശോധന ഭയന്ന് തിരിച്ചുപോകാന്‍ ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെ ബസ്സിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് ചെങ്കോട്ട നടുത്തെരുവ് പുതൂര്‍ ഡോര്‍നമ്പര്‍-4410 എ യില്‍ കല്യാണിയപിള്ളയുടെ മകന്‍ സുബ്രഹ്മണ്യനാ(40)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.15ന് ദേശീയപാതയില്‍ ടൈറ്റാനിയം ജങ്ഷന് തെക്കായിരുന്നു അപകടം.

കരുനാഗപ്പള്ളി പുതിയകാവിലെ ആക്രിക്കടയില്‍ മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന സുബ്രഹ്മണ്യന്‍ കൊല്ലം ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബിന് മുന്നില്‍ മണ്‍കൂനയ്ക്ക് സമീപം എത്തിയപ്പോള്‍ തെക്ക് കെ.എം.എം.എല്‍. ഗസ്റ്റ് ഹൗസിനു സമീപം പോലീസ് വാഹനപരിശോധന നടത്തുന്നതുകണ്ട് പെട്ടെന്ന് ബൈക്ക് തിരിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്കുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് ഇടിച്ചത്. ടെര്‍ക്ക് മൈതാനിയില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നവര്‍ ഓടിയെത്തി, അതുവഴി വന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിക്കേറ്റ യുവാവിനെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. അപകടം നടന്നതറിഞ്ഞ് വാഹനപരിശോധന നിര്‍ത്തി ചവറ പോലീസും പന്മന ക്ഷേത്രഗോപുരത്തിന് സമീപം വാഹനപരിശോധയിലായിരുന്ന ഹൈവേ പോലീസും സ്ഥലത്തെത്തി. പോലീസിന്റെ വാഹനപരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് സംഭവസ്ഥലത്ത് കൂടിയ നാട്ടുകാര്‍ ആരോപിച്ചു. മലിനജലം ഒഴുകുന്ന കുഴിയില്‍വീണ് അപടകമുണ്ടാകാതിരിക്കാന്‍ കെ.എം.എല്‍.എല്‍. ചെമ്പനാടി തോടിന് മുകളില്‍ റോഡിലേക്ക് ഇറക്കിയിട്ടിരിക്കുന്ന മണ്‍കൂനയ്ക്ക് സമീപമാണ് അപകടം നടന്നത്. മണ്‍കൂന കാരണം ഈ ഭാഗത്ത് വര്‍ഷങ്ങളായി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.

സുബ്രഹ്മണ്യന്റെ മൃതദേഹം ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/