വിവാദ സി.ഡി. പ്രശ്‌നം നിത്യാനന്ദയ്‌ക്കെതിരെ സി.ഐ.ഡി. അന്വേഷണം

Posted on: 18 Mar 2010



ബാംഗ്ലൂര്‍: ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, വിവാദ സി.ഡി.യിലുള്‍പ്പെട്ട സ്വാമി നിത്യാനന്ദയ്‌ക്കെതിരെ കര്‍ണാടക പോലീസ് നിയമനടപടി തുടങ്ങി. നിത്യാനന്ദയ്‌ക്കെതിരെയുള്ള കേസ് ചൊവ്വാഴ്ച തമിഴ്‌നാട് പോലീസ് ഔദ്യോഗികമായി കര്‍ണാടക പോലീസിനു കൈമാറിയതോടെയാണ് നിയമനടപടി തുടങ്ങിയത്. പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ അന്വേഷണം സി.ഐ.ഡി.യെ ഏല്പിക്കുമെന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എ.ആര്‍. ഇന്‍ഫാന്റ് വ്യക്തമാക്കി.

''നിത്യാനന്ദയുടെ പേരിലുള്ള പരാതി തമിഴിലാണ് എഴുതിയിരിക്കുന്നത്. ഇത് കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അതിനുശേഷം കേസ് പ്രാഥമിക അന്വേഷണത്തിനായി ബിഡദി പോലീസ്‌സ്റ്റേഷനു കൈമാറും''- എ.ഡി.ജി.പി. പറഞ്ഞു.

ബിഡദി ആശ്രമത്തിലെ അന്തേവാസിയായ ലെനിന്‍ കറുപ്പന്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് നിത്യാനന്ദയുടെ പേരില്‍ കേസെടുത്തത്. നടി രഞ്ജിതയും നിത്യാനന്ദയും തമ്മിലുള്ള വിവാദദൃശ്യങ്ങള്‍ പകര്‍ത്തിയത് ബിഡദിയിലെ ധ്യാനപീഠം ആശ്രമത്തില്‍ നിന്നാണെന്ന് ലെനിന്‍ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് കര്‍ണാടക പോലീസിനു കൈമാറാന്‍ ചെന്നൈ പോലീസ് തീരുമാനിച്ചത്.

എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ കേസ് കര്‍ണാടക പോലീസിനു കൈമാറിയെന്ന് തമിഴ്‌നാട് ഡി.ജി.പി. ലതികാ ശരണ്‍ പറഞ്ഞെങ്കിലും കര്‍ണാടക പോലീസ് ഇതു നിഷേധിച്ചു. തുടര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നതായി പരാതിയും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ കര്‍ണാടക പോലീസ് നിര്‍ബന്ധിതരായതെന്നു പറയുന്നു.

അതേസമയം, നിത്യാനന്ദയ്‌ക്കെതിരെ ബാംഗ്ലൂരില്‍ ആരും പരാതി നല്കിയിട്ടില്ലെന്നും ഇക്കാരണത്താല്‍ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും പോലീസ് സൂചിപ്പിച്ചു.

ഏതു അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ബിഡദി ആശ്രമം അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ സ്വാമി നിത്യാനന്ദ ബിഡദി ആശ്രമത്തില്‍ തിരിച്ചെത്തുമെന്നും സൂചനയുണ്ട്. ആശ്രമത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷാസന്നാഹം തുടരുകയാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/