പ്രത്യേക ഗുര്‍ഖാലാന്‍ഡ്: ജി.ജെ.എം. നിലപാടില്‍ അയവ്
Posted on: 18 Mar 2010
കൊല്‍ക്കത്ത: പ്രത്യേക ഗുര്‍ഖാലാന്‍ഡ് സംസ്ഥാനമെന്ന ആവശ്യത്തില്‍നിന്നും പശ്ചിമബംഗാളിലെ ഗുര്‍ഖാ ജനമുക്തിമോര്‍ച്ച (ജി.ജെ.എം.) തത്കാലം പിന്‍മാറുന്നു. ഡിസംബര്‍ 31വരെ ഡാര്‍ജിലിങ് ഹില്‍സില്‍ ഇടക്കാല ഭരണസംവിധാനമുണ്ടാക്കിയാലും മതിയെന്ന നിലപാടിലാണ് സംഘടന ഇപ്പോള്‍. ഇക്കാര്യം മാര്‍ച്ച് 18ന് ഡല്‍ഹിയില്‍ നടക്കുന്ന ത്രികക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് .ജി.ജെ.എം. ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി പറഞ്ഞു. 2011-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണുംനട്ടാണ് ജി.ജെ.എം. നിലപാട് മയപ്പെടുത്തിയതെന്ന് കരുതുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഈ കരട് നിര്‍ദേശം സംഘടന നേരത്തേ സമര്‍പ്പിച്ചിരുന്നു.
അഖില്‍ ഭാരതീയ ആദിവാസി വികാസ് പരിഷത്തും (എ.ബി.എ.വി.പി.) ജി.ജെ.എമ്മിന്റെ നിര്‍ദേശത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക സംസ്ഥാന വാദത്തില്‍നിന്നും പിന്നാക്കം പോവില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പുവരെയുള്ള താത്കാലിക പ്രവര്‍ത്തന പദ്ധതിയാണിതെന്നും റോഷന്‍ഗിരി വ്യക്തമാക്കി. തങ്ങള്‍ നിര്‍ദേശിച്ച ഭരണസംവിധാനത്തിന് നിയമനിര്‍മാണം, നീതിന്യായം, സാമ്പത്തികാധികാരം തുടങ്ങിയവ വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഭരണസംവിധാനമായ ഡാര്‍ജിലിങ് ഗുര്‍ഖാഹില്‍ കൗണ്‍സിലിനെതിരെയുള്ള (ഡി.ജി.എച്ച്.സി.) പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ സ്വയംഭരണം അനുവദിച്ച് ഭരണഘടനയിലെ ആറാം പട്ടികയിലെ പദവി ഡാര്‍ജിലിങ് ഹില്‍സ് ഭരണസമിതിക്ക് (ഡി.ജി.എച്ച്.സി.) നല്‍കാമെന്ന് 2005-ല്‍ കേന്ദ്രം ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന് (ജി.എന്‍.എല്‍.എഫ്.) ഉറപ്പു നല്‍കുകയുണ്ടായി.
തങ്ങളാവശ്യപ്പെടുന്ന പുതിയ ഭരണസംവിധാനത്തിന് ഗുര്‍ഖാലാന്‍ഡ് റീജണല്‍ അതോറിറ്റി (ജി.ആര്‍.എ.) എന്നോ ഡാര്‍ജിലിങ് ഡോര്‍സ് റീജണല്‍ അതോറിറ്റി (ഡി.ഡി.ആര്‍.എ.) എന്നോ ചേര്‍ക്കണമെന്നും ജി.ജെ.എം. ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയുടെ വികസനത്തിന് പ്രത്യേക സഹായമായി അഞ്ചുവര്‍ഷത്തേക്ക് 2000 കോടി രൂപ അനുവദിക്കുക, ഗുര്‍ഖകളെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് ജി.ജെ.എമ്മിന്റെ മറ്റാ വശ്യങ്ങള്‍.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam