ഭഗത്‌സിങ്ങിന്റെ പാകിസ്താനിലുള്ള പൂര്‍വവിദ്യാലയം പുനരുദ്ധരിക്കുന്നു
Posted on: 18 Mar 2010
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ഭഗത്‌സിങ്ങിന്റെ പൂര്‍വവിദ്യാലയം പുനരുദ്ധരിക്കാന്‍ പാകിസ്താനില്‍ ശ്രമം. ഒരുകാലത്ത് ലാഹോറിലെ പ്രമുഖ വിദ്യാലയമായിരുന്ന ബ്രാഡ്‌ലോ ഹാളാണ് വിദ്യാഭ്യാസ വിചക്ഷണയായ സയീദ ദീപിന്റെ നേതൃത്വത്തില്‍ പുനരുദ്ധരിക്കുന്നത്. ലാഹോറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ മേധാവിയാണ് സയീദ.
ബ്രാഡ്‌ലോ ഹാളിന്റെ ഗതകാലപ്രൗഢി പുനഃസ്ഥാപിക്കാനാണു ശ്രമമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഭഗത്‌സിങ്ങിന്റെ പേരില്‍ സ്‌കൂളും സ്വാതന്ത്ര്യസമരത്തെപ്പറ്റി പ്രതിപാദിക്കുന്ന മ്യൂസിയവും തുടങ്ങും.
ലാഹോറില്‍ ഭഗത്‌സിങ് തൂക്കിലേറ്റപ്പെട്ട 'ശാദ്മാന്‍ ചൗക്കി'ല്‍ ഉചിതമായ സ്മാരകം പണിയാനും പദ്ധതിയുണ്ട്.
ലാഹോറില്‍ സ്ഥിരതാമസമാക്കിയ അയര്‍ലന്‍ഡുകാരന്‍ സ്ഥാപിച്ച ബ്രാഡ്‌ലോ ഹാള്‍ സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയ സിരാകേന്ദ്രമായിരുന്നു. ഗാന്ധിയും നെഹ്രുവും മൗലാനാ ആസാദുമൊക്കെ ഇവിടെ സ്വാതന്ത്ര്യസമര സേനാനികളെ അഭിസംബോധന ചെയ്തിട്ടുമുണ്ട്.
ഇന്ത്യാവിഭജനത്തിനുശേഷം ഹാള്‍ അവഗണിക്കപ്പെട്ടു. കെട്ടിടം ഇടിച്ചുനിരത്താന്‍പോവുകയാണെന്ന് ഇടക്കാലത്ത് വാര്‍ത്ത പരന്നിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam