മായാവതിക്ക് വീണ്ടും നോട്ടുമാല; ഇനി പൂമാല വേണ്ടെന്ന് ബി.എസ്.പി.

Posted on: 18 Mar 2010




ലഖ്‌നൗ: മായാവതിയെ ഇനി നോട്ടുമാല മാത്രമണിയിച്ചാല്‍ മതിയെന്ന് ബി.എസ്.പി.യുടെ തീരുമാനം. രണ്ടു ദിവസം മുമ്പ് കോടിക്കണക്കിനു രൂപകൊണ്ട് കെട്ടിയുണ്ടാക്കിയ മാല സ്വീകരിച്ചതിന്റെ വിമര്‍ശനം ഒട്ടും വകവെക്കാതെ മായാവതി വീണ്ടും ലക്ഷങ്ങളുടെ നോട്ടുമാല സ്വീകരിച്ചു. തിങ്കളാഴ്ച 21 ലക്ഷമെന്നുസമ്മതിച്ച (15 കോടിയാണ് ആരോപണം) നോട്ടുമാലയാണു ലഭിച്ചതെങ്കില്‍ ബുധനാഴ്ച പാര്‍ട്ടി അണികള്‍ മായാവതിയെ അണിയിച്ചത് 18 ലക്ഷം രൂപയുടെ മാല. ഇനിമുതല്‍ മായാവതിയെ നോട്ടുമാലയിട്ടുമാത്രമേ സ്വീകരിക്കൂ എന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറിയും യു.പി. മന്ത്രിയുമായ നസീറുദ്ദീന്‍ സിദ്ദിഖി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

തിങ്കളാഴ്ച പാര്‍ട്ടിറാലിക്കെത്തിയപ്പോള്‍ മായാവതിയെ ആയിരത്തിന്റെ നോട്ടുകള്‍ കൊണ്ടുള്ള കൂറ്റന്‍ മാല അണിയിച്ചത് പാര്‍ലമെന്റില്‍വരെ ഒച്ചപ്പാടിനിടയാക്കിയിരുന്നു. 15 കോടി രൂപകൊണ്ടാണ് മാല തയ്യാറാക്കിയതെന്നു പറയപ്പെടുമ്പോള്‍ 21 ലക്ഷത്തിന്റെമാത്രം നോട്ടുകളേയുള്ളൂവെന്നാണ് പാര്‍ട്ടി അറിയിച്ചത്. ഇത്രയും വലിയ തുകയുടെ ഉറവിടത്തെപ്പറ്റി അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കെയാണ് മായാവതി വീണ്ടും നോട്ടുമാല സ്വീകരിച്ചത്. ഇതോടെ, മായാവതി സ്വയം അവകാശപ്പെടുംപോലെ ദളിതരുടെ പുത്രിയല്ല, സമ്പത്തിന്റെ പുത്രിയാണ് എന്ന പ്രതിപക്ഷ ആരോപണത്തിനു കരുത്തേറി. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നേതൃയോഗത്തിനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ മായാവതിയെ നോട്ടുമാലയിട്ട് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മായാവതിയെ നോട്ടുമാലയണിയിച്ചത് അനാവശ്യവിവാദമാക്കിയ പ്രതിപക്ഷത്തിന് മറുപടിയായി മായാവതിക്ക് വീണ്ടുമൊരു നോട്ടുമാല നല്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നസിറുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. മറ്റു പാര്‍ട്ടികളെപ്പോലെ ബി.എസ്.പി. തിരഞ്ഞെടുപ്പ് നടത്താന്‍ വ്യവസായികളില്‍ നിന്നും മുതലാളിമാരില്‍ നിന്നും രഹസ്യമായി വന്‍തുക വാങ്ങുന്നില്ല. പ്രവര്‍ത്തകരും അനുയായികളും നല്കുന്ന ചെറിയ തുകയാണ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. പ്രതിപക്ഷത്തിന് ചര്‍ച്ച ചെയ്യാനും വിവാദമാക്കാനും മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് നോട്ടുമാലപ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നത്-സിദ്ദിഖി പറഞ്ഞു. പാര്‍ട്ടിസ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷികത്തിനും പാര്‍ട്ടിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കുമായാണ് പണം എന്നാണ് ബി.എ്.പി. ഭാഷ്യം. മായാവതി വീണ്ടും നോട്ടുമാല സ്വീകരിച്ചതിനെ കോണ്‍ഗ്രസ്സും ബി.ജെ.പി.യും സമാജ്‌വാദി പാര്‍ട്ടിയും വിമര്‍ശിച്ചു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇതുപോലുള്ള വൃത്തികെട്ട പണപ്രദര്‍ശനം ഒരു രാഷ്ട്രീയപാര്‍ട്ടിക്കും നേതാവിനും ചേര്‍ന്നതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി. ബി.എസ്.പി. പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന ദളിത് വിഭാഗങ്ങളുടെ താത്പര്യത്തിനെതിരാണിതെന്ന് ബി.ജെ.പി. വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മായാവതിക്കെതിരായ കോണ്‍ഗ്രസ്സിന്റെ വിമര്‍ശനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ യു.പി.എ. സര്‍ക്കാറിന് ബി.എസ്.പി. നല്കുന്ന പിന്തുണ നിരാകരിക്കണം. കൃപാലു മഹാരാജ ആശ്രമത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ കഴിയാത്ത മായാവതിയാണ് ഇപ്പോള്‍ പാര്‍ട്ടിറാലിക്കെന്ന പേരില്‍ കോടികള്‍ പാഴാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/