പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: കേരളീയ ഗ്രാമങ്ങളില്‍ ചെളിയും മാലിന്യവുമടിഞ്ഞ് അനാഥമായി കിടക്കുന്ന കുളങ്ങളെക്കുറിച്ച് സിഖുകാര്‍ക്ക് അറിവുണ്ടാകണമെന്നില്ല. എന്നാല്‍ കൊടുംചൂടില്‍ കുളങ്ങളും നീര്‍ത്തടങ്ങളും വറ്റിവരളുന്ന കേരളത്തിനു ശീലിക്കാന്‍ അവര്‍ ഒരു മാതൃക കാണിച്ചുതരുന്നു.
കുളങ്ങളിലും നീര്‍ത്തടങ്ങളിലും നന്നായി മീനുകളെ വളര്‍ത്തുക. പിന്നെ ഇടയ്ക്കിടെ വെള്ളം മുഴുവനായും വറ്റിച്ച്, മാലിന്യം മുഴുവന്‍ നീക്കി പുതുജീവന്‍ നല്കുക. നമുക്കും ആത്മപരിശോധനയ്ക്ക് അവസരം നല്കുന്നതാണ് ഈ ശൈലി.
സിഖ്‌സമുദായക്കാരുടെ ആത്മീയകേന്ദ്രങ്ങളാണ് ഗുരുദ്വാരകള്‍. ഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെങ്ങുമുള്ള ഗുരുദ്വാരകളില്‍ വിശുദ്ധ കുളങ്ങള്‍ നോക്കി നടത്തുന്ന രീതി കൂട്ടായ ശ്രമത്തിന്റെ ഉദാഹരണമാണ്. ഡല്‍ഹിയിലെ ബംഗ്ലാസാഹിബ് ഗുരുദ്വാരയില്‍ ദിവസേനയെത്തുന്നത് വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിനു സന്ദര്‍ശകര്‍. ജാതിമതഭാഷാഭേദമില്ലാതെ എല്ലാ വിഭാഗമാളുകളും ഇവിടം സന്ദര്‍ശിക്കാനെത്തും. വിശാലമായ കുളത്തിലെ ഒരു കവിള്‍ വെള്ളം കുടിച്ചാല്‍ വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയായി. ചിലര്‍ കുളത്തിലൊന്നു മുങ്ങിനിവരും. മാലിന്യം കുറയ്ക്കാനായി കുളത്തില്‍ വളര്‍ത്തുന്ന എണ്ണിയാലൊടുങ്ങാത്ത മീനുകള്‍. ഒരു അക്വേറിയം സന്ദര്‍ശിക്കുന്നതുപോലെ വിവിധ നിറങ്ങളും വലുപ്പവുമുള്ള മത്സ്യങ്ങള്‍ ഗുരുദ്വാരയിലെ വിശാലമായ കുളത്തിലുണ്ട്. മീന്‍ പിടിക്കാന്‍ ഇവിടെ ആര്‍ക്കും അനുവാദമില്ല. ഇത്തരം കുളങ്ങളില്‍ മാലിന്യം പരമാവധി കുറയ്ക്കാനുള്ള പ്രധാന പോംവഴി മീന്‍വളര്‍ത്തലാണെന്ന് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ എന്‍ജിനീയറിങ് വിഭാഗം മേധാവി പരംപാല്‍ സിങ് 'മാതൃഭൂമി'യോടു പറഞ്ഞു.
ഇരുപത്തഞ്ചടി ആഴമുള്ളതാണ് ബംഗ്ലാസാഹിബ് ഗുരുദ്വാരയിലെ കുളം. . അഞ്ചു വര്‍ഷം മുമ്പാണ് ഏറ്റവുമൊടുവില്‍ ശുദ്ധീകരിച്ചത്. ആയിരക്കണക്കിനു പേരാണ് ഈ യജ്ഞത്തില്‍ പങ്കാളികളാവാറുള്ളതെന്ന് ഗുരുദ്വാരയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഖ്‌വീന്ദര്‍ കൗര്‍ ഓര്‍ക്കുന്നു. നേരം വെളുത്താല്‍ സൂര്യാസ്തമയം വരെ യജ്ഞം നീളും.
കുളം വൃത്തിയാക്കാന്‍ പണച്ചെലവൊന്നുമില്ല. സേവനമെന്ന നിലയ്ക്കാണ് യജ്ഞത്തില്‍ മതഭേദമില്ലാതെ എല്ലാവരും പങ്കാളികളാവുക. വെള്ളം വറ്റിച്ചുകളയുമ്പോള്‍ കുളങ്ങളിലെ മത്സ്യങ്ങളെ ഇവര്‍ പ്രത്യേകം സംരക്ഷിക്കും.
ബംഗ്ലാസാഹിബ് ഗുരുദ്വാരയിലെ കുളത്തില്‍ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനായി നാലു വശത്തും പ്രത്യേകം പൈപ്പുകളുണ്ട്. സന്ദര്‍ശകര്‍ക്കു കുളിക്കാനും കുടിക്കാനുമായി പ്രത്യേക ചുവരു കെട്ടി വെള്ളം വേര്‍തിരിച്ചിരിക്കുന്നു.
വിശാലമായ കുളങ്ങളും നീര്‍ത്തടങ്ങളുമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഈ രീതി ഏറെ പ്രാവര്‍ത്തികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1664-ല്‍ നിര്‍മിക്കപ്പെട്ട ബംഗ്ലാസാഹിബ് ഗുരുദ്വാരയിലെ കുളം വര്‍ഷങ്ങള്‍ക്കിപ്പുറവും ഡല്‍ഹിയിലെ കൊടുംചൂടിലും വറ്റാതെ ജലസമൃദ്ധമായി നില്‍ക്കുന്നു. പരിപാലനത്തിലെ നിര്‍ബന്ധബുദ്ധി മാത്രമാണ് ഇതിന്റെ വിജയരഹസ്യം.