സഹകരണ പുരോഗതി വിലയിരുത്തി ഇന്ത്യ-യു.എസ്. ചര്‍ച്ച

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ചര്‍ച്ചയുടെ പുരോഗതി യു.എസ്. സന്ദര്‍ശനം നടത്തുന്ന വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും യു.എസ്. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റണും വിലയിരുത്തി. പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറുമായി നടത്തിയ ചര്‍ച്ചയെപ്പറ്റി നിരുപമ റാവു യു.എസ്. അധികൃതരുമായി സംസാരിച്ചു. അഫ്ഗാനിസ്താന്റെ കാര്യത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാടും അവര്‍ അവതരിപ്പിച്ചു. ആറു ദിവസത്തെ സന്ദര്‍ശനത്തിനാണ് നിരുപമ യു.എസ്സിലെത്തിയത്.
യു.എസ്. രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ബില്‍ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ജെയിംസ് ജോണ്‍സ് എന്നിവരുമായും നിരുപമ കൂടിക്കാഴ്ച നടത്തി. സല്‍മാന്‍ ബഷീറുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയെപ്പറ്റി നിരുപമ യു.എസ്. അധികൃതര്‍ക്ക് സംക്ഷിപ്തവിവരം നല്‍കിയെന്ന് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. 14 മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസം 25നാണ് ഇന്ത്യയും പാകിസ്താനും ചര്‍ച്ച പുനരാരംഭിച്ചത്.
അഫ്ഗാനിസ്താനില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും നിരുപമ അവതരിപ്പിച്ചു. ഇന്ത്യയുള്‍പ്പെടുന്ന പ്രദേശത്തെ മുഖ്യസുരക്ഷാ വെല്ലുവിളി അഫ്ഗാനിസ്താനാണെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇന്ത്യ അഫ്ഗാനിസ്താനില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ യു.എസ്. മതിപ്പ് പ്രകടിപ്പിച്ചു.
പ്രതിരോധം, ആണവോര്‍ജം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, കൃഷി, വിദ്യാഭ്യാസം, ഊര്‍ജം, ബഹിരാകാശം, സൈബര്‍ സുരക്ഷ തുടങ്ങിയ രംഗങ്ങളിലെ സഹകരണം ഉള്‍പ്പെടെ ഇന്ത്യ - യു.എസ്. ചര്‍ച്ചയിലെ വിവിധ കാര്യങ്ങളില്‍ പുരോഗതി നിരുപമയും ഹില്ലരിയും വിലയിരുത്തിയതായി പ്രസ്താവന വ്യക്തമാക്കി.
പുതിയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് കയറ്റുമതി നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുകയും അവയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനികതല ചര്‍ച്ചകളുടെ മുഖ്യപങ്കാളിയായ ഇന്ത്യ - യു.എസ്. ഉന്നത സാങ്കേതികവിദ്യാ സഹകരണ സംഘത്തിന്റെ (എച്ച്.ടി.സി.ജി.) യോഗത്തിനിടെയാണ് നിരുപമ റാവു ഈ ആവശ്യമുന്നയിച്ചത്.
ബരാക് ഒബാമ പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ എച്ച്.ടി.സി.ജി. യോഗമാണിത്. പ്രതിരോധം, വാണിജ്യം, ബയോടെക്‌നോളജി, നാനോടെക്‌നോളജി എന്നീ രംഗങ്ങളില്‍ സഹകരണം ശക്തമാക്കണമെന്ന് ഇരുരാജ്യങ്ങളും കണ്ടെത്തി. ആരോഗ്യമേഖലയിലെ വിവരസാങ്കേതികരംഗത്തും വ്യോമയാനരംഗത്തും ശ്രദ്ധകേന്ദ്രീകരിക്കുന്ന പുതിയ സഖ്യങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനമായി.