
ലണ്ടന്‍: മുന്‍ കാമുകിയെ കുത്തിക്കൊന്ന കേസില്‍ ലണ്ടനില്‍ ഇന്ത്യക്കാരന് ജീവപര്യന്തം തടവുശിക്ഷ. 2008-ല്‍ ഇരുപത്തിനാലുകാരിയായ ഗെമ്മ ഡൊര്‍മാനെ കുത്തിക്കൊന്ന കേസിലാണ് വിക്രംജിത്‌സിങ് എന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരന് കോടതി ശിക്ഷ വിധിച്ചത്.
പ്രതിശ്രുതവരനുമൊത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പണമെടുക്കാന്‍ പുറത്തിറങ്ങിയ ഗെമ്മയെ ബസ്‌സ്റ്റോപ്പില്‍ കാത്തിരുന്ന വിക്രം കത്തിയെടുത്ത് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. നുറുകണക്കിന് എസ്.എം.എസ്സും പ്രണയലേഖനങ്ങളും അയച്ച് തന്നെ ശല്യം ചെയ്യുന്നതായി ഡൊര്‍മാനും അമ്മയും നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഗെമ്മയും താനും വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചിരുന്നതായും കാമുകിക്ക് പണവും വിലപിടിച്ച സമ്മാനങ്ങളും നല്‍കിയിരുന്നതായും വിക്രം കോടതിയില്‍ പറഞ്ഞു. തന്റെ കൈയില്‍ പണമില്ലാതായപ്പോഴാണ് ഗെമ്മ വഴിപിരിഞ്ഞതെന്ന് വിക്രം പറഞ്ഞു.