
ഷിക്കാഗോ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മന്‍ ഹെഡ്‌ലി തന്റെ മുന്‍മൊഴി തിരുത്തി കേസില്‍ വ്യാഴാഴ്ച കുറ്റസമ്മതം നടത്തും. അന്വേഷണ ഏജന്‍സിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണവുമായി സഹകരിക്കുകവഴി ഹെഡ്‌ലിക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റും. സി.ഐ.എ.യുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹെഡ്‌ലി സഹകരിക്കുന്നത് അമേരിക്കന്‍ ഭരണകൂടത്തിനും ഗുണം ചെയ്യും.
സര്‍ക്കാറുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഹെഡ്‌ലി കോടതിയില്‍ കുറ്റസമ്മതം നടത്തിയേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോണ്‍ തേസിസ് പറഞ്ഞു. എന്നാല്‍ 12 കുറ്റങ്ങളില്‍ ഏതൊക്കെയാണ് സമ്മതിക്കുകയെന്നു അദ്ദേഹം വ്യക്തമാക്കിയില്ല. അറസ്റ്റിലായി അഞ്ചു മാസത്തിനു ശേഷമാണ് ഹെഡ്‌ലി നേരത്തേ നിഷേധിച്ച കുറ്റം ഏറ്റെടുക്കുന്നത്. നിലവില്‍ വധശിക്ഷയോ പരമാവധി ജീവപര്യന്തം തടവോ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഹെഡ്‌ലിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കുറ്റസമ്മതം ശിക്ഷായിളവിനു വഴിയൊരുക്കും. സി.ഐ.എ.ക്കുവേണ്ടിയും ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കുവേണ്ടിയും ഇരട്ട ചാരപ്പണി നടത്തിയിരുന്നു ഹെഡ്‌ലിയെന്ന ആരോപണം ശരിവെക്കുന്നതാണ് എഫ്.ബി.ഐ.യുടെ നീക്കം. ഹെഡ്‌ലിയുടെ സഹകരണംവഴി രഹസ്യങ്ങള്‍ രാജ്യത്തിനു പുറത്തേക്കു കടത്തുന്നത് തടയാന്‍ യു.എസ്സിനു കഴിയും.
മുമ്പും മയക്കുമരുന്നുകടത്തുകേസില്‍ യു.എസ്. സര്‍ക്കാറിനനുകൂലമായിനിന്ന് മാപ്പുസാക്ഷിയായി ശിക്ഷയിളവ് സമ്പാദിച്ച ചരിത്രവും ഹെഡ്‌ലിക്കുണ്ട്. പാകിസ്താനില്‍നിന്ന് യു.എസ്സിലേക്ക് ഹെറോയിന്‍ കടത്താനുള്ള ഗൂഢാലോചനക്കേസിലാണ് 1998-ല്‍ ഹെഡ്‌ലി ആദ്യമായി അറസ്റ്റിലാവുന്നത്. മയക്കുമരുന്നു കടത്തില്‍ തന്റെ പങ്കും പാക് വിതരണക്കാരുടെ വിശദാംശങ്ങളും ഒറ്റിക്കൊടുത്ത ഹെഡ്‌ലിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ കൊണ്ട് രക്ഷപ്പെടാനായി. ശിക്ഷയ്ക്കുശേഷം പാകിസ്താനിലേക്കു കടന്ന് അമേരിക്കയ്ക്കുവേണ്ട മയക്കുമരുന്നുകടത്ത് സംബന്ധിച്ച വിവരശേഖരണം ഹെഡ്‌ലി നടത്തി.
സി.ഐ.എ.യും എഫ്.ബി.ഐ.യുമായുള്ള ഈ മുന്‍പരിചയങ്ങള്‍ ഭീകരാക്രമണക്കേസിലും ഹെഡ്‌ലിക്ക് തുണയായി. ഹെഡ്‌ലിയെയും കൂട്ടുപ്രതി പാക് വംശജനായ തഹാവൂര്‍ ഹുസൈന്‍ റാണയെയും ചോദ്യം ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിരുന്നില്ല. അതേസമയം, റാണ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തന്നെ ഹെഡ്‌ലി വഞ്ചിക്കുകയായിരുന്നെന്നാണ് റാണയുടെ പക്ഷം. റാണയ്ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിനുപിന്നിലെ ഗൂഢാലോചന, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡെന്മാര്‍ക്ക് പത്രത്തിനെതിരായ ആക്രമണ പദ്ധതി, ലഷ്‌കര്‍ ഉള്‍പ്പെടെയുള്ള വിദേശ തീവ്രവാദ സംഘടനകള്‍ക്കാവശ്യമായ വിവരങ്ങളും ഫോട്ടോകളും സംഘടിപ്പിച്ചുനല്കല്‍, ഇന്ത്യയിലെ യു.എസ്. പൗരന്മാര്‍ കൊല്ലപ്പെടാനിടയായ മുംബൈ ഭീകരാക്രമണം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തിലാണ് ഇവര്‍ അറസ്റ്റിലായത്.