വസീരിസ്താനില്‍ യു.എസ്. വ്യോമാക്രണം; 10 മരണം

Posted on: 18 Mar 2010



പെഷവാര്‍: പാകിസ്താനില്‍ വടക്കന്‍ വസീരിസ്താനിലെ ഗോത്ര മേഖലയില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ മിസൈലാക്രമണത്തില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹംസോണി, ദത്താഖേല്‍ ഗ്രാമങ്ങളിലായിരുന്നു വ്യോമാക്രമണം.

ഹംസോണിലെ തീവ്രവാദികളുടെ ഒളിത്താവളത്തിനു നേരെയുണ്ടായ ആദ്യ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ദത്താഖേലില്‍ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടു നടത്തിയ മിസൈലാക്രമണത്തിലാണ് മറ്റ് അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

സമീപത്തെ വീടും മിസൈലാക്രമണത്തില്‍ തകര്‍ന്നു. 24 മണിക്കൂറിനിടെ പാകിസ്താനിലുണ്ടാകുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. കൊല്ലപ്പെട്ടവരിലധികവും അല്‍ഖ്വെയ്ദയുടെ അറബിപ്പോരാളികളാണെന്ന് 'യു.എസ്. വാര്‍ ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടാവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 11 അല്‍ഖ്വെയ്ദ, താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ വസീരിസ്താനില്‍ ഈ വര്‍ഷം 22 ആക്രമണങ്ങളാണ് യു.എസ്. സൈന്യം നടത്തിയത്. അതിനിടെ പെഷാവാറില്‍ സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെ ബുധനാഴ്ച രാവിലെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് അര്‍ധസൈനികരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/