പ്രകൃതിവാതകത്തിന് പാക്- ഇറാന്‍ കരാറായി; ഇന്ത്യ പുറത്ത്

Posted on: 18 Mar 2010



ഇസ്‌ലാമാബാദ്: ഇറാനില്‍ നിന്നു പൈപ്പ്‌ലൈന്‍ വഴി പാകിസ്താനിലേക്കു പ്രകൃതി വാതകം എത്തിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. നേരത്തേ പദ്ധതിയില്‍ പങ്കാളിയാകുമെന്നു കരുതിയിരുന്ന ഇന്ത്യയെ ഒഴിവാക്കിയാണ് കരാര്‍ നിലവില്‍ വന്നിട്ടുള്ളത്. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാറില്‍ താത്പര്യം കാണിക്കാത്തതെന്നും ആരോപണമുണ്ടായിരുന്നു.

പ്രകൃതി വാതകം ധാരാളമുള്ള ഇറാനില്‍നിന്ന് കുറഞ്ഞ ചെലവില്‍ ഇന്ധനം കൊണ്ടുവരാനുള്ള കരാറില്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്താന്‍ബുളില്‍ വെച്ചാണ് പാകിസ്താന്റെ ഇന്റര്‍ -സ്റ്റേറ്റ് ഗ്യാസ് സിസ്റ്റവും ഇറാനിയന്‍ ഓയില്‍ കമ്പനിയും ഒപ്പുവെച്ചത്. ഇന്ത്യ ഇപ്പോള്‍ പദ്ധതിയില്‍ പങ്കാളിയല്ലെന്ന് പാകിസ്താന്റെ പെട്രോളിയം മന്ത്രി സയിദ് നവീദ് ഖമര്‍ അറിയിച്ചു.

എന്നാല്‍ ഭാവിയില്‍ ഇന്ത്യ പദ്ധതിയില്‍ ചേരുകയാണെങ്കില്‍ അവിടേക്കുള്ള പ്രകൃതി വാതകവും പാകിസ്താന്‍ വഴി കൊണ്ടുവരാന്‍ ഇറാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ കൊണ്ടുവരുന്ന ഇന്ധനത്തിന് കടത്തുകൂലി ഈടാക്കാന്‍ പാകിസ്താന് അവകാശമുണ്ടാകും.

ഇറാനില്‍ നിന്ന് പാകിസ്താന്‍ വഴി പ്രകൃതി വാതകം കൊണ്ടുവരാനുള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തുടക്കത്തില്‍ ഇന്ത്യ നല്ല താത്പര്യം കാണിച്ചിരുന്നു. കടത്തുകൂലിയെച്ചൊല്ലി പാകിസ്താനുമായുള്ള ഭിന്നത കാരണമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുുപോയത്. എന്നാല്‍പിന്നീട് ഇന്ത്യ ഇതില്‍ താത്പര്യം കാണിക്കാതിരുന്നത് അമേരിക്കയുടെ സമ്മര്‍ദം കാരണമാണെന്ന് പരാതി ഉയര്‍ന്നു.

ഇറാനുമായി ഇന്ത്യ സഹകരിക്കുന്നതിനോട് അമേരിക്കയ്ക്ക് എതിര്‍പ്പായിരുന്നു. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനായത് അമേരിക്കയുമായുള്ള ആണവക്കരാറാണെന്ന നിലപാടാണ് ഇന്ത്യയിലെ ഭരണകൂടം പിന്നീട് സ്വീകരിച്ചത്. എന്നാല്‍ തെക്കന്‍ ഇറാനിലെ പാര്‍സ് പ്രദേശത്തെ പാകിസ്താന്റെ സിന്ധ്, ബലൂചിസ്താന്‍ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന വാതകക്കുഴല്‍ പദ്ധതി രാജ്യത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനു നിര്‍ണായകമാണെന്നാണ് പാക് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/