വിനോദ് വധക്കേസ്: നസീറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി

Posted on: 18 Mar 2010



കണ്ണൂര്‍:കണ്ണൂര്‍ സിറ്റി തയ്യില്‍ 'ഉദയ'യില്‍ പി.വി.വിനോദിനെ (30) കൊലപ്പെടുത്തിയ കേസില്‍ ലഷ്‌കര്‍ ഭീകരന്‍ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിടെ നസീറിനെ (32) അറസ്റ്റ് ചെയ്യാന്‍ പോലീസ് അനുമതി തേടി. സിറ്റി സി.ഐ ബി.ഗോപകുമാറാണ് ഇതിനുള്ള അപേക്ഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി - രണ്ടില്‍ നല്കിയത്. കേസില്‍ ഏഴാം പ്രതിയാണ് നസീര്‍.

ഇതോടൊപ്പം കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ സ്‌കൂളിന് സമീപമുള്ള ഒഴിഞ്ഞപറമ്പില്‍ നിന്നും കണ്ണൂക്കര മാണിക്കക്കാവിന് സമീപമുള്ള കിണറ്റില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്ത കേസുകള്‍ ഓപ്പണ്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ കേസുകളിലും നസീറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടും. രണ്ടിടത്തും ബോംബ് സ്ഥാപിച്ചതിന് പിന്നില്‍ നസീറും കൂട്ടാളികളുമാണെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഈ കേസുകളുടെ അന്വേഷണത്തിനായും നസീറിനെ കസ്റ്റഡിയില്‍ വാങ്ങും.

2006 ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മത്സ്യക്കച്ചവടക്കാരനായ വിനോദ് ബൈക്കില്‍ സഞ്ചരിക്കവെ കണ്ണൂര്‍ സിറ്റി കുറുവ റൈസ് മില്ലിന് സമീപം കൊല്ലപ്പെട്ടത്. ഫിറോസ എന്ന സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പിന്നില്‍. കെ.പി.മഹറൂഫ് (44), എം.കെ.ഇബ്രാഹിം (54), കെ.ഫവാസ് (36), കെ.എ.അനൂപ് എന്ന വെടിമറ അനൂപ് (25), വി.കെ.അസീസ് (37), മുഹമ്മദ് അലിം (38), തടിയന്റവിടെ നസീര്‍ (32), വി.പി.ഫിറോസ് (30), എന്‍.ബദറുദ്ദീന്‍ (28), ഫത്താഹ്, ജബ്ബാര്‍ എന്ന സത്താര്‍, അസ്ഹര്‍, മജീദ് പറമ്പായി (34), സാബിര്‍ പി.ബുഹാരി (31), ഇസ്മയില്‍ എന്ന ബോംബ് ഇസ്മയില്‍ (32), താജുദ്ദീന്‍ കിഴക്കേതോപ്പില്‍ (32) എന്നിവരാണ് കേസിലെ ഒന്നു മുതല്‍ 16 വരെ പ്രതികള്‍. ഇതില്‍ അഞ്ച്, ഏഴ്, പത്ത്, 11, 12, 16 നമ്പര്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഏഴാം പ്രതി നസീറിനെ അറസ്റ്റ് ചെയ്യാനാണിപ്പോള്‍ അനുമതി തേടിയത്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/